ന്യൂഡൽഹി: മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സാന്പത്തിക മാന്ദ്യത്തിന് കാരണമായതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്തിന്റെ നിലവിലെ സാന്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമാണ്. അവസാന പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് അഞ്ച് ശതമാനം ആണ് എന്നത് സാന്പത്തിക മാന്ദ്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
മോദി സർക്കാർ മിക്കവാറും മേഖലകളിൽ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് സാന്പത്തിക തകർച്ചയ്ക്ക് കാരണമായതെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സന്പദ് വ്യവസ്ഥ കഴിഞ്ഞ ആറു വർഷത്തിനിടെ ഏറ്റവും മന്ദഗതിയിലായ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിമർശനവുമായി മൻമോഹൻ സിംഗ് രംഗത്തെത്തിയിരിക്കുന്നത്.
മനുഷ്യനിർമിതമായ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുപോക്ക് ദുഷ്കരമാണ്. ഇതിനാൽ സന്പദ് വ്യവസ്ഥയെ പ്രതിസന്ധിയിൽനിന്ന് കരകയറാൻ രാഷ്ട്രീയം മാറ്റിവച്ച് നടപടികൾ സ്വീകരിക്കണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.
നടപ്പു സാന്പത്തിക വർഷത്തെ ആദ്യപാദം പിന്നിടുന്പോൾ ജിഡിപി വളർച്ച അഞ്ചു ശതമാനമായതായാണ് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നത്. തലേവർഷം ഇതേ കാലയളവിലെ എട്ടു ശതമാനം വളർച്ചയിൽനിന്നാണ് ഈ ഇടിവ്. നിർമാണ മേഖലയിലെ തളർച്ചയും കാർഷിക മേഖലയിലെ ഉത്പാദനം കുറഞ്ഞതും ആഭ്യന്തര മൊത്ത ഉത്പാദന നിരക്കിനെ പ്രതികൂലമായി ബാധിച്ചതായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.