രാജസ്ഥാനിൽ പ്രീവെഡിംഗ് വീഡിയോ കാരണം പണികിട്ടിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. പ്രതിശ്രുത വധുവിനൊപ്പമുള്ള വീഡിയോയിൽ യൂണിഫോമിലെത്തിയതാണ് ധൻപാൽ സിംഗ് എന്ന ഇൻസ്പെക്ടർക്ക് വിനയായത്.
ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചെത്തുന്ന പെണ്‍കുട്ടിയെ ഡ്യൂട്ടിയിലുള്ള ധൻപാൽ തടയുന്നു. രക്ഷപെടാനായി പെണ്‍കുട്ടി ധൻപാലിന്റെ പോക്കറ്റിൽ കൈക്കൂലിയായി പണം നൽകി പോകുന്നു. എന്നാൽ പിന്നീടാണ് തന്റെ പോക്കറ്റിൽ കിടന്ന പഴ്സുമായാണ് പെണ്‍കുട്ടി പോയതെന്ന കാര്യം പോലീസുകാരന് മനസിലായത്. പിന്നീട് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ഈ പ്രീ വെഡ്ഡിംഗ് വീഡിയോയുടെ ഉള്ളടക്കം.
മൂന്ന് മാസം മുൻപ് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് ധൻപാൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്യുന്പോൾ പെണ്‍കുട്ടി ധൻപലിന്റെ ഭാര്യയായിക്കഴിഞ്ഞിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ധൻപാലിന് പണികിട്ടി. പോലീസ് യൂണിഫോമിൽ ധൻപാൽ കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട മേലധികാരികൾ അദ്ദേഹത്തോട് വിശദീകരണം തേടി.
ഇതിലൂടെ യുവാവ് പോലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും ഡിപ്പാർട്ട്മെന്റിനെ അപമാനിച്ചുവെന്നുമാണ് സീനിയർ പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. വീഡിയോയിൽ നിന്ന് യൂണിഫോമിട്ട ഭാഗം നീക്കം ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ വീഡിയോഗ്രാഫർ അതുചെയ്യാതെ വീഡിയോ മുഴുവൻ യുട്യൂബിൽ അപ് ലോഡ് ചെയ്യുകയുമായിരുന്നെന്നാണ് ധൻപാലിന്റെ വിശദീകരണം. വിവാദമായതോടെ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു.