എരുമേലി: ബഹറൈനിൽ ജോലി ചെയ്യുന്ന എരുമേലി വെണ്കുറിഞ്ഞി സ്വദേശി അഖിൽ ഉണ്ണിമായയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട കെഎസ്ആർടിസി ബസിനേയും അതിലെ പ്രിയപ്പെട്ട സഹയാത്രക്കാരെയും മറന്നില്ല. അഖിലിന്റെ ആഗ്രഹപ്രകാരം റാന്നി ഡിപ്പോയിലെ ആർപിസി 144 ബസും അതിലെ സഹയാത്രക്കാരും ആ ബസിൽ കയറിത്തന്നെ വിവാഹത്തിൽ പങ്കെടുക്കുവാൻ ആഘോഷമായി എത്തിയിരുന്നു.
തീർന്നില്ല, അഖിലിന്റെ കെ എസ്ആർടിസി ബസിനോടുള്ള പ്രണയം. അഖിലിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം സഞ്ചരിച്ചതും കെഎസ്ആർടിസി ബസിൽ തന്നെ. വിവാഹ ആവശ്യത്തിനായി മൂന്നു കെ എസ്ആർടിസി ബസുകൾ ആ യിരുന്നു അഖിൽ ബുക്ക് ചെയ് തിരുന്നത്.വെണ്കുറിഞ്ഞി ഇലവുങ്കൽ സുകുമാരന്റെയും രമണിയുടെയും മകനാണ് അഖിൽ. ചിറക്കടവ് കിഴക്കുംഭാഗം കരിക്കാട്ടത്തുവയലിൽ പി വി ദാസിന്റെയും ഗായത്രിയുടെയും മകളാണ് ഉണ്ണിമായ.
ബഹറൈനിൽ ജോലി ചെയ്യുന്ന അഖിൽ നേരത്തേ എറണാകുളത്തു ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് ആർപിസി 144 എന്ന കെ എസ്ആർടിസി ബസുമായി ഇഷ്ടത്തിലാകുന്നത്. ആങ്ങമൂഴി – വൈറ്റില ഹബ് എന്ന റൂട്ടിൽ ഓടുന്ന ആർപിസി 144 ബസിലായിരുന്നു സ്ഥിരം യാത്ര. ‘റാന്നിയുടെ റാണി’എന്ന ഓമനപ്പേരിൽ ആയിരുന്നു ആ ബസ് അറിയപ്പെട്ടിരുന്നത്. ആ ബസിലെ സ്ഥിരം യാത്രക്കാരും ബസിലെ ജീവനക്കാരും ഒത്തുചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ് തുടങ്ങിയപ്പോൾ അഖിലും അതിലെ അംഗമായി.
പൊൻകുന്നം സ്വദേശി അരുണും ബസിന്റെ ഡ്രൈവർ പ്രമോദും ആയിരുന്നു ഗ്രൂപ്പിന്റെ അഡ്മിൻമാർ. തൊണ്ണൂറോളം അംഗങ്ങൾ ഉള്ള ഗ്രൂപ്പ് വളരെ സജീവമാണ്.ബസ് പുറപ്പെടുന്ന സമയം മുതൽ ബസിന്റെ ലൊക്കേഷൻ യാത്രക്കാരായ അംഗങ്ങളെ വാട്സ്ആപ്പിലൂടെ അറിയിക്കും. യാത്രക്കാരും അവർ കയറുവാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പുകളും അറിയിക്കും.
ബസിൽ കയറിയാൽ ഏതു സീറ്റ് എപ്പോൾ ഒഴിയും എന്നും അവർക്കു നിർദേശം കൊടുക്കാറുണ്ട്. അതനുസരിച്ചു സ്ഥിരം യാതക്കാർക്ക് എത്ര തിരക്കുണ്ടെങ്കിലും സീറ്റ് കിട്ടാറുണ്ട്. നാലായിരം രൂപ മാത്രം ദിവസ വരുമാനം ഉണ്ടായിരുന്ന ബസിന് അതിനുശേഷം പന്ത്രണ്ടായിരം രൂപയോളം ദിവസവരുമാനം കിട്ടുന്നുണ്ട്. വളരെ സജീവമായി പ്രവർത്തിക്കുന്ന ബസിന്റെ വാട്സ്ആപ്പ് ഗ്രൂപ് നിരവധി സാമൂഹിക സേവനങ്ങളും നടത്താറുണ്ട്.
നിലന്പൂരിൽ പ്രളയദുരിതത്തിൽപ്പെട്ടവരെ സഹായിക്കുവാൻ അംഗങ്ങൾ എല്ലാവരും ചേർന്ന് അറുപതിനായിരം രൂപ സംഘടിപ്പിച്ചു, നിലന്പൂരിൽ നേരിട്ട് ചെന്ന് സഹായം വിതരണം ചെയ്തു. ബസിലെ യാത്രക്കാരനായ ഒരു യുവാവിന് അപ്രതീക്ഷിതമായി ഉണ്ടായ ഒരു ഓപ്പറേഷൻ നടത്തുവാൻ സഹായിക്കുന്നതിന്റെ ആലോചനയിലാണ് അംഗങ്ങൾ ഇപ്പോൾ.
ഗ്രൂപ്പിലെ ചില അംഗങ്ങൾ മറ്റു സ്ഥലങ്ങളിലേക്കു സ്ഥലം മാറിപ്പോയെങ്കിലും ആ കൂട്ടായ്മ അവർ ഇന്നും നിലനിർത്തുന്നുണ്ട്. ബസിലെ സ്ഥിരം യാത്രക്കാരനായിരുന്ന അഖിൽ ജോലികിട്ടി ബഹ്റൈനിലേക്കു പോയെങ്കിലും ആ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. അതിനാൽ തന്നെ തന്റെ വിവാഹത്തിന് പഴയ ബസിലെ സുഹൃത്തുക്കളെ പ്രത്യേകമായി ക്ഷണിച്ചിരുന്നു. ഒപ്പം തന്റെ പ്രിയപ്പെട്ട ആർപിസി 144 ബസിനെയും കാണണമെന്ന ആഗ്രഹം ബസിലെ കൂട്ടുകാർ തന്നെ സാധിച്ചു കൊടുത്തു.
കെഎസ്ആർടിസിയുടെ പത്തനംതിട്ട ഡിപ്പോയിൽ ചെന്ന് ബസിലെ വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളും ബസിലെ ജീവനക്കാരും ഒരുമിച്ച് ആവശ്യപ്പെട്ടപ്പോൾ, അധികാരികൾ പ്രത്യേക സഹചര്യത്തിൽ ആർപിസി 144 ബസ് വിവാഹത്തിനുള്ള യാത്രാ ആവശ്യത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.