വെഞ്ഞാറമൂട്: കുതിരയെ കണ്ട് ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ജനം ചിതറി ഓടുന്നതിനിടയിൽ രണ്ടു വാഹനങ്ങൾ കൂട്ടിമുട്ടി. ഓടി രക്ഷപ്പെടുന്നതിനിടെ താഴെ വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കീഴായിക്കോണം ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിന് മുൻവശത്ത് ഇന്ന് 8 20 നാണ് സംഭവം.
പിരപ്പൻകോട് തൈക്കാട് തടിമിൽ നടത്തിവരുന്ന രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന 21 വയസുള്ള ആനയാണ് ഇടഞ്ഞത്. തൈക്കാട്ടു നിന്നും കൈലാസത്ത്കുന്ന് പാറയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിനായി ചതുർത്ഥി ആഘോഷ പരിപാടിയുടെ ആനയൂട്ടിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
റോഡിലൂടെ നടത്തിക്കൊണ്ടുവരുകയായിരുന്ന കൊമ്പനാന ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിന് മുൻവശം കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടു.തുടർന്ന് ഇടഞ്ഞ ആന അവിടെ നിന്നും ഓടി. പരിഭ്രാന്തിയിലായ നാട്ടുകാർ ചിതറി ഓടി. ഇതിനിടയിൽ ഭയന്ന് പൊടുന്നനെ ബ്രേക്കിട്ട് നിർത്തിയ വാഹനങ്ങൾ കൂട്ടിമുട്ടുകയും ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഭയന്ന് ഓടിയ കീഴായിക്കോണം സ്വദേശികളായ ശാന്ത, ജോർജ് ബാബു, വണ്ടിപ്പുരമുക്ക് സ്വദേശി ഓമന എന്നിവർക്കാണ് പരിക്കുപറ്റിയത്. വെഞ്ഞാറമൂട് പോലീസും, ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ ഒന്നാം പാപ്പൻ പ്രകാശ് ആനയെ സമീപത്തെ റബ്ബർ പുരയിടത്തിൽ തളയ്ക്കുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. എലിഫന്റ് സ്ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിർദ്ദേശപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.