ആലപ്പുഴ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരെയുള്ള സാന്പത്തിക തട്ടിപ്പു കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുല്ലയുടെ ഫോണ് സന്ദേശം പുറത്തായതോടെ സത്യം തെളിഞ്ഞെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ നിരപരാധിയാണെന്ന് ഉറപ്പായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി തുഷാറിനെ പണം നൽകി സഹായിച്ചത്. എന്നാൽ ഇതിനെയും വർഗീയവത്കരിക്കാനാണ് ചില മാധ്യമങ്ങൾ ഉൾപടെയുള്ളവർ ശ്രമിച്ചത്.
കള്ളക്കേസിനെതിരെ നിയമനടപടി സ്വീകരിക്കണമോയെന്നത് തുഷാർ തീരുമാനിക്കും. കേസിനു പിന്നിൽ മറ്റാരുടെയെങ്കിലും സമ്മർദമോ ലക്ഷ്യമോ ഉള്ളതായി തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി രാഷ്ട്രദീപികയോടു പറഞ്ഞു. ന്ധ തന്റെ പക്കൽ നിന്നും പണം തട്ടുക എന്നതായിരുന്നു പരാതിക്കാരന്റെ ലക്ഷ്യം. കേസു കൊടുത്തയുടൻ താൻ പണവുമായി പറന്നു ചെല്ലുമെന്നാണ് വിചാരിച്ചത്. താൻ എവിടേക്കും പറക്കാൻ പോയില്ല.
പറക്കാതെ തന്നെ നല്ല മനുഷ്യർ തുഷാറിനെ സഹായിക്കാൻ എത്തി. അതിന്റെ പേരിൽ യൂസഫലിയെ പോലും തേജോവധം ചെയ്യാൻ ചിലർ തയ്യാറായി. സത്യം പുറത്തു വരുമെന്ന് തനിക്കറിയാമായിരുന്നു. എല്ലാവർക്കും നിയമം ഒരുപോലെ പാലിക്കപ്പെടുന്ന രാജ്യമാണ്. അതുകൊണ്ട് കോടതിയിൽ വിശ്വാസമുണ്ട്. വിധി വരട്ടെന്ധ വെള്ളാപ്പള്ളി പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
10 ലക്ഷം ദിർഹത്തിന്റെ ചെക്കുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 20 നാണ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്.
അജ്മാനിൽ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് കണ്സ്ട്രഷൻസിന്റെ സബ് കോണ്ട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കന്പനി. എന്നാൽ 10 വർഷം മുന്പ് നഷ്ടത്തിലായ കന്പനി വെള്ളാപ്പള്ളി കൈമാറി.
നാസിൽ അബ്ദുള്ളയ്ക്ക് കുറേ പണം നൽകാനുണ്ടായിരുന്നു ഇതിന് പകരം നൽകിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. ചെക്ക് കേസ് സംസാരിച്ചു തീർക്കാനെന്നു പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്നും അജ്മാനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലായിരുന്നു അറസ്റ്റ്. പിന്നീട് തുഷാർ ജാമ്യത്തിലിറങ്ങുകയായിരുന്നു.