തിരുവനന്തപുരം: ഇടിമുറികൾ യൂണിവേഴ്സിറ്റി കോളജിൽ മാത്രമല്ല മറ്റ് കോളജുകളിലും ഉണ്ടെന്ന് സ്വതന്ത്ര ജുഡീഷൽ കമ്മീഷൻ. തിരുവനന്തപുരം ആർട്സ് കോളജ്, കോഴിക്കോട് മടപ്പള്ളി കോളജ് എന്നിവിടങ്ങളിൽ യൂണിറ്റ് കമ്മിറ്റി ഓഫീസുകൾ ഇടിമുറിയാക്കി മാറ്റിയിട്ടുണ്ടെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ടെന്ന് ജുഡീഷൽ കമ്മീഷൻ ജസ്റ്റിസ് ഷംസുദ്ദീൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളുമടങ്ങുന്ന റിപ്പോർട്ട് ഇന്ന് ഗവർണർക്ക് കൈമാറും. സേവ് യൂണിവേഴ്സിറ്റി കോളജ് കാ ന്പയിൻ കമ്മിറ്റിയാണ് സ്വതന്ത്ര ജൂഡീഷൽ കമ്മീഷനെ നിയമിച്ചത്.
കാന്പസ് രാഷ്ട്രീയം അതിരുകടക്കുന്നതായും കോളജിനുള്ളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്. അക്രമസംഭവങ്ങൾ ചെറുക്കുന്നതിന് മാറി മാറി വരുന്ന സർക്കാരുകൾ നടപടിയെടുക്കുന്നില്ല. കോളജുകളിൽ ആന്റി റാഗിംഗ് സമിതികൾ പ്രവർത്തിക്കുന്നില്ല. അധ്യാപകരും പ്രിൻസിപ്പൾമാരും രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. ജൂഡീഷൽ നിയമപരിപാലനസമിതി രൂപീകരിക്കണമെന്ന ശുപാർശയും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സ്വതന്ത്ര ജുഡീഷൽ കമ്മീഷനെ നിയമിച്ചത്. യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകൾ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ വീടുകളിൽ നിന്നും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് ഗവർണർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സംസ്ഥാനത്തെ മിക്ക കോളജുകളിലും നിന്നും വിദ്യാർഥികൾ നൽകിയ പരാതികൾ പരിശോധിച്ചും സിറ്റിംഗ് നടത്തിയുമാണ് ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.