വൈപ്പിൻ: ചെറായി ബീച്ചിൽ ഏഴംഗ ശ്രീലങ്കൻ സംഘമെത്തിയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഐബിയും രഹസ്യപോലീസ് വിഭാഗവും അന്വേഷണം തുടങ്ങി. കഴിഞ്ഞമാസം 31ന് ബീച്ചിലെത്തിയ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘം താമസിക്കാൻ ഹോം സ്റ്റേ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ശ്രീലങ്കക്കാരെന്ന് മനസിലായത്.
ഹോംസ്റ്റേയിൽ മുറികൾ ഏർപ്പാടാക്കി നൽകുന്ന കമ്മീഷൻ ഏജന്റ്മാരുടെ പക്കൽ എത്തിയത് രണ്ടംഗ പുരുഷൻമാരാണ്. ആദ്യം ഇവർ തമിഴ്നാട്ടിൽ നിന്നെത്തിയതാണെന്നാണ് പറഞ്ഞത്. ഐഡി പ്രൂഫ് ചോദിച്ചപ്പോൾ തമിഴരല്ല ശ്രീലങ്കക്കാരാണെന്ന് പറഞ്ഞു. മാത്രമല്ല ഐഡി ഒന്നും കൈവശമില്ലെന്നും ഇവർ അറിയിച്ചു. എങ്കിൽ നിങ്ങളുടെ ഫോട്ടോ ആയാലും മതിയെന്ന് പറഞ്ഞ് ഏജന്റ് മൊബൈലിൽ ഇവരുടെ ഫോട്ടോയെടുത്തു.
മറ്റുള്ളവരെയും കൂട്ടി വരാമെന്ന് പറഞ്ഞ് പോയവർ പിന്നീട് എത്തിയില്ല. ഇവർ വാഹനത്തിൽ മറൈൻ ഡ്രൈവിൽ ബോട്ടിംഗിനു പോയതായി സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം കയറിപ്പോയ വാഹനം, മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
ശ്രീലങ്കൻ സ്വദേശികളെ മനുഷ്യക്കടത്ത് സംഘം മുനന്പത്തെത്തിച്ച് അനധികൃതമായി മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്ക് കടത്തുന്നത് വ്യാപകമായതിനാലാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. മനുഷ്യക്കടത്തുകാർ ഇരകളെ സാധാരണ ചെറായി, മുനന്പം മേഖലയിലുള്ള ഹോം സ്റ്റേകളിലാണ് താമസിപ്പിക്കുന്നത്.