സ്വന്തം ലേഖകൻ
തൃശൂർ: പാലായിലേത് യുഡിഎഫിന്റെ മികച്ച സ്ഥാനാർത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്ഗ്രസ് ഭിന്നതയും രണ്ടില ചിഹ്ന പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്. അതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എന്നാൽ പാലായിൽ ചിഹ്നം പ്രശ്നമല്ലെന്നും അവിടെ ചിഹ്നവും സ്ഥാനാർത്ഥിയും കെ.എം.മാണിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിഷയുടെ പേരാണല്ലോ സ്ഥാനാർത്ഥിയായി ആദ്യം കേട്ടതെന്ന ചോദ്യത്തിന് പലരുടേയും പേരുകൾ പാലായിൽ വന്നുപോയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പി.ജെ.ജോസഫ് യുഡിഎഫിൽ അടിയുറച്ച് നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ചാവക്കാട് പുന്ന നൗഷാദ് കുടുംബസഹായ നിധി പിരിവിന്റെ തുടക്കം രമേശ് ചെന്നിത്തല നിർവഹിച്ചു. നൗഷാദ് കൊലക്കേസിലെ മുഴുവൻ പ്രതികളേയും പോലീസ് പിടികൂടണമെന്നും ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുന്നത് ചോദ്യം ചെയ്യാൻ പോലും ആരുമില്ലാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. പത്മജ വേണുഗോപാൽ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.