ഋഷി
തൃശൂര്‍: ലോക നാളികേര ദിനാഘോഷം കൊണ്ടാടുന്നവരും അത്തപ്പൂക്കളം തീര്‍ക്കുന്നവരും കുരുത്തോലകൊണ്ട് പൂക്കളം ഒരുക്കുന്ന തൃശൂര്‍ ചേറൂര് സ്വദേശി നാരായണന്‍കുട്ടിയെ പരിചയപ്പെടുക. നവനീത് കുരുത്തോല അലങ്കാരങ്ങള്‍ എന്ന പേരില്‍ തൃശൂരിലെന്നല്ല കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ താരമാണ് നാരായണന്‍കുട്ടി. ഇന്ന് മലയാളികള്‍ പൊന്നിന്ചിങ്ങമാസത്തിലെ അത്തവും ലോകനാളികേര ദിനാഘോഷവും ഒരുമിച്ചാഘോഷിക്കുമ്പോള്‍ തെങ്ങില്‍ നിന്നുള്ള കുരുത്തോല കൊണ്ട് മനോഹരമായ ഓണപ്പൂക്കളങ്ങള്‍ ഒരുക്കുന്ന നാരായണന്‍കുട്ടി തിരക്കിലാണ്.
കുരുത്തോല കൊണ്ട് എന്തും ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള നാരായണന്‍കുട്ടി ഇരുപത് വര്‍ഷത്തോളമായി കുരുത്തോലയില്‍ കരവിരുത് കാണിക്കുന്നു. ഓണക്കാലമായാല്‍ കുരുത്തോല പൂക്കളങ്ങള്‍ തേടി നാരായണന്കുട്ടിക്കടുത്തേക്ക് ആളുകളെത്തും. കൂടുതലായും ഹോട്ടലുകളിലും മാളുകളിലും മറ്റു സമുച്ചയങ്ങളിലും അലങ്കാരത്തിനും കൗതുകത്തിനുമായാണ് കുരുത്തോല പൂക്കളങ്ങള്‍ ഒരുക്കുക.
കുരുത്തോലയെ വിവിധ രൂപത്തില്‍ ശ്രദ്ധാപൂര്‍വം വെട്ടിയെടുത്ത് അതിനെ ഭംഗിയോടെ ഡിസൈന്‍ ചെയ്ത് പൂക്കളമാക്കി മാറ്റുകയെന്നത് എളുപ്പമുള്ള പണിയല്ലെങ്കിലും വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നാരായണന്കുട്ടിക്കത് വെരി ഈസി.ഒറിജിനല്‍ പൂക്കളെന്ന് തോന്നിക്കും വിധമാണ് നാരായണന്‍കുട്ടി കുരുത്തോല കൊണ്ട് വൈവിധ്യമാര്‍ന്ന പൂക്കള്‍ നിര്‍മിക്കുക.
കറുപ്പും ചുവപ്പുമായ പശ്ചാത്തലത്തില്‍ ഇളം ക്രീം നിറമുളള കുരുത്തോലകള്‍ നല്ല എടുപ്പോടെ തിളങ്ങി നില്ക്കും. കുരുത്തോലകള്‍ക്ക് നിറം നല്കി പൂക്കളം കൂടുതല്‍ ഭംഗിയാക്കാനും കളത്തിന് പുറത്ത് ചെടിച്ചെട്ടികളില്‍ കുരുത്തോല കൊണ്ട് സൂര്യകാന്തിപ്പൂക്കളും മറ്റു പൂക്കളും സജ്ജമാക്കിയും നാരായണന്‍കുട്ടി തന്റെ കരവിരുത് കൂടുതല്‍ മികവുറ്റതാക്കും.
പല ടെലിവിഷന്‍ ചാനലുകളും നാരായണന്‍കുട്ടിയുടെ കുരുത്തോല അലങ്കാരങ്ങളെക്കുറിച്ചും ഓണക്കാലത്തെ സ്പെഷ്യല്‍ ഐറ്റമായ കുരുത്തോല പൂക്കളത്തെക്കുറിച്ചും ചിത്രീകരണം നടത്തിയിട്ടുണ്ട്.അത്തത്തിന് കുരുത്തോല പൂക്കളമൊരുക്കിയാല്‍ വേണമെങ്കില്‍ ഓണം വരെ അത് വാടാതിരിക്കുമെന്നത് മറ്റൊരു പൂക്കളത്തിനുമില്ലാത്ത സവിശേഷത.
കേരളത്തിലെ പല സാംസ്കാരിക ആഘോഷ പരിപാടികള്‍ക്കും സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും വിവാഹവേദികളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനുമൊക്കെ നാരായണന്‍കുട്ടിയുടെ കുരുത്തോല കലാവിരുത് പ്രകടമായിട്ടുണ്ട്. പല ഭാഷകളിലെ സിനിമകളിലും കുരുത്തോല അലങ്കാരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വരിക്കച്ചക്കയും പഴക്കുലയും കുതിരയും പക്ഷിയും എന്നുവേണ്ട എന്തും നാരായണന്‍കുട്ടി കുരുത്തോലകൊണ്ട് മെനഞ്ഞെടുക്കും. ചെറുപ്പത്തില്‍ ഓലപ്പീപ്പിയും ഓലപ്പന്തുമുണ്ടാക്കി കളിച്ച നാരായണന്‍കുട്ടി എന്ന കുട്ടി കുട്ടിത്തമൊക്കെ വിട്ട് വളര്‍ന്നപ്പോഴും ഓലകൊണ്ടുള്ള കരവിരുതിന്റെ കൂട്ട് വിട്ടില്ല. ആ കൂട്ടുകെട്ടില്‍ നിന്ന് പുതിയ വിസ്മയങ്ങള്‍ വിടരുകയാണ്.