ന്യൂഡൽഹി: രാജ്യത്തു സാന്പത്തിക മാന്ദ്യമില്ലെന്നും ഹിന്ദു കലണ്ടർ പ്രകാരം അഞ്ചും ആറും മാസങ്ങളിൽ എല്ലാവർഷവും രാജ്യത്ത് സാന്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീൽ കുമാർ മോദി. പ്രതിസന്ധിയുടെ പേരിൽ പ്രതിപക്ഷം രാജ്യത്തു ഭീതി പരത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.
രാജ്യത്ത് പൊതുവെ സാവൻ, ഭാദോ മാസങ്ങളിൽ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങൾ) സാന്പത്തിക പ്രതിസന്ധിയുണ്ടാകാറുണ്ട്. പക്ഷെ ഇക്കൊല്ലം ചില രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പരാജയത്തിലെ അമർഷം തീർക്കാനായി ഭീതി പടർത്തുകയാണ്- സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. സാന്പത്തിക മാന്ദ്യത്തെ കുറിച്ച് ജനങ്ങൾ പേടിക്കേണ്ടതില്ലെന്നും ഈ സാഹചര്യങ്ങൾ ബിഹാറിനെ ബാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ സാന്പത്തിക വളർച്ച കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോദി സർക്കാരിന്റെ തെറ്റായ സാന്പത്തിക പരിഷ്കാരങ്ങളാണു മാന്ദ്യത്തിനു കാരണമെന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കുറ്റപ്പെടുത്തി.