ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ലാൻഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം. ചൊവ്വാഴ്ച രാവിലെ 8:50-നാണു ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്. നാലു സെക്കൻഡ് നേരം ലാൻഡറിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചതോടെ ലാൻഡറിന്റെ ഭ്രമണപഥം താഴ്ന്നു. 104 കിലോമീറ്റർ-128 കിലോമീറ്റർ ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ ഇപ്പോൾ സഞ്ചരിക്കുന്നത്. ബുധനാഴ്ചയാണ് അടുത്ത ഭ്രമണപഥം താഴ്ത്തൽ.
ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനായി വിക്രം ലാൻഡർ ഓർബിറ്ററിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 വിജയകരമായി വേർപെടുത്തിയിരുന്നു. 978 കോടി രൂപയുടെ സ്വപ്നപദ്ധതി ചന്ദ്രയാൻ-2 ശനിയാഴ്ച പുലർച്ചെ 1.55-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്ന് ഇസ്രോ ട്വീറ്റ് ചെയ്തു. പേടകം വിക്ഷേപിച്ചു 42 ദിവസത്തിനുശേഷമാണു ദൗത്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഓർബിറ്റർ-ലാൻഡർ വിച്ഛേദം നടന്നത്.
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നു ജിഎസ്എൽവി മാർക്ക് ത്രി-എം ഒന്ന് റോക്കറ്റ് ജൂലൈ 22നാണു ചന്ദ്രയാൻ-2നെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. പിന്നീട്, ഭ്രമണപഥം ഉയർത്തിയും താഴ്ത്തിയും പേടകത്തെ ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിച്ചു. ഞായറാഴ്ച പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തി ചന്ദ്രനു കൂടുതൽ അടുത്തായി.
ചന്ദ്രനോട് ഏറ്റവും അടുത്തുവരുന്നതു (പെരിജി) 119 കിലോമീറ്റും ഏറ്റവും അകലെ വരുന്നതു (അപ്പോജി) 127 കിലോമീറ്ററും എന്ന ഭ്രമണപഥത്തിൽ ചന്ദ്രയാൻ 2 സഞ്ചരിക്കുന്പോയിരുന്നു ലാൻഡർ വേർപെടുത്തിയത്. ഒരു വർഷം ആയുസുള്ള ചന്ദ്രയാൻ 2 ഓർബിറ്റർ നിലവിലെ ഭ്രമണപഥത്തിൽ ചന്ദ്രനെ വലംവയ്ക്കും.
ഓർബിറ്ററും ലാൻഡറും ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിന്റെ (ഇസ്ട്രാക്) നിയന്ത്രണത്തിലാണ്. ബംഗളുരു ബൈലലുവിലെ ഇന്ത്യൻ ഡീപ്പ് സ്പേസ് നെറ്റ്വർക്ക് ആന്റിനയുടെ സഹായത്തോടെയാണ് ഇസ്ട്രാക് ഓർബിറ്ററിനെയും ലാൻഡറിനെയും നിയന്ത്രിക്കുന്നത്.
വധുവിനെ സ്വഭവനത്തിൽനിന്നു ഭർതൃഗൃഹത്തിലേക്ക് അയയ്ക്കുന്നതു പോലെയാണ് ഓർബിറ്ററിൽനിന്നു ലാൻഡർ വേർപെടുന്നതെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ചന്ദ്രനിൽ വിക്രംലാൻഡർ സോഫ്റ്റ്ലാൻഡിംഗ് നടത്തുകയാണ് ഏറ്റവും ദുഷ്കരമായ ദൗത്യം. ചന്ദ്രയാൻ-1 ൽ പേടകം ചന്ദ്രനിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഓർബിറ്ററിൽ എട്ടും ലാൻഡറിൽ മൂന്നും പേ ലോഡുകളാണ് ഉള്ളത്. റോവറിൽ രണ്ട് പേ ലോഡുകളുണ്ട്.