കോട്ടയം: പിഞ്ചുകുഞ്ഞിനെ ബ്ലേഡ് കൊണ്ടു വരഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ വിരട്ടിയോടിച്ചു. എക്സൈസ് അറിയിച്ചനുസരിച്ച് പോലീസ് എത്തിയിട്ടും കതക് തുറന്നില്ല. ഒടുവിൽ എക്സൈസിന്റെ ജോലിക്ക് തടസം സൃഷ്ടിച്ചതിന് കേസെടുത്തു. കഴിഞ്ഞ ദിവസം അയർക്കുന്നത്താണ് സംഭവം.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. അനൂപിന്റെ നേതൃത്വത്തിൽ പാന്പാടിയിൽ നിന്ന് ഒരാളെ കഞ്ചാവ് സഹിതം പിടികൂടി. മഞ്ഞാടി സ്വദേശി ചാൾസ് അജിയാണ് 73 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾക്ക് കഞ്ചാവ് നല്കിയത് അയർക്കുന്നം സ്വദേശി വിനിൽ മാത്യുവാണെന്ന് പിടിയിലായ ചാൾസ് അജി എക്സൈസ് സംഘത്തെ അറിയിച്ചു.
അങ്ങനെയാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അയർക്കുന്നത്തെ വീട്ടിലെത്തിയത്. എക്സൈസിനെ കണ്ട് വിനിൽ മാത്യു സഹോദരിയുടെ മൂന്നു വയസുള്ള കുട്ടിയുമായി മുറിയിൽ കയറി കതകടച്ചു. ഒരു ബ്ലേഡും കൈയ്യിൽ പിടിച്ച് ഭീഷണി മുഴക്കി.
കതക് പൊളിച്ച് എക്സൈസ് അകത്തു കടന്നാൽ കുട്ടിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിനിടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് ക്ലോസറ്റിലിട്ട് തെളിവ് നശിപ്പിക്കുകയും ചെയ്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
അയർക്കുന്നം പോലീസിനെയും എക്സൈസ് സ്ഥലത്ത് വിളിച്ചുവരുത്തിയിരുന്നു. കുടുംബം മുഴുവൻ പ്രതിരോധിച്ചതോടെ എക്സൈസും പോലീസും മടങ്ങുകയായിരുന്നു.