ഗാന്ധിനഗർ: പോലീസുകാരനോട് മോശമായി പെരുമാറിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെതിരേ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലയിലെ ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒപിയിൽ കൊണ്ടുവന്ന പോലീസുകാരനോട് നഴ്സിംഗ് അസിസ്റ്റന്റ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
തുടർന്ന് പോലീസുകാരൻ ഗാന്ധിനഗർ സ്റ്റേഷനിലും ആശുപത്രി സൂപ്രണ്ട്, ആർഎംഒ എന്നിവർക്കും പരാതി നൽകിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയുള്ള പോലീസുകാർക്ക് ഇതിനു മുൻപും ഇതേ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായിരുന്നതിനാൽ ഇത്തവണ ഇവർക്കെതിരെ കേസ് കൊടുക്കുവാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസുകാരന് അനുമതി നൽകുകയായിരുന്നു.
പോലീസ് കേസ് കൊടുത്തതറിഞ്ഞ ആശുപത്രി ജീവനക്കാരിൽ ഭൂരിപക്ഷം പേരും യൂണിയൻ വ്യത്യാസമില്ലാതെ പോലീസുകാരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.