തലശേരി: വധശ്രമത്തിനിരയായ വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീര്‍ വീണ്ടും പാര്‍ട്ടി വേദിയില്‍. സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള പാട്യം ഗോപാലന് സ്മാരക പഠന ഗവേഷണ കേന്ദ്രം ഇന്നലെ കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സി.ഒ.ടി നസീര്‍ പങ്കെടുത്തത്.
ജമ്മു കാശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്. എം.വി ജയരാജന്, പി.ഹരീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്, തലശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രന് എന്നിവര്‍ ക്ഷണിച്ചതനുസരിച്ചാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് സി.ഒ.ടി നസീര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
താന്‍ സിപിഎം പ്രവര്‍ത്തകനോ അനുഭാവിയോ അല്ല, ഇടതു മനോഭാവമുള്ള ആളാണെന്നും നസീര്‍ വ്യക്തമാക്കി. തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ ആരോപണം ആവര്‍ത്തിച്ച് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്കിയ ദിവസം തന്നെയാണ് നസീര്‍ കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത്.