പത്തനംതിട്ട: ജിഎസ്ടി കൊണ്ട് ഉദ്ദേശിച്ച നികുതിയിളവ് ജനങ്ങൾക്കു ലഭ്യമായില്ലെന്ന് ആന്റോ ആന്റണി എംപി. ഫർണീച്ചർ മാനുഫാക്ച്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പത്തനംതിട്ട ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തുതന്നെ ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യയാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താതെ 45 ശതമാനത്തിലധികം നികുതിയാണ് ഈടാക്കുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഗൃഹോപകരണങ്ങൾക്കും ഫർണീച്ചറുകൾക്കും 12 ശതമാനം മാത്രം നികുതി ഈടാക്കുമ്പോൾ ആഭ്യന്തര ഉത്പാദകരിൽനിന്ന് 18 ശതമാനം നികുതി ഈടാക്കുന്നത് ഫർണിച്ചർ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്യുമ ജില്ലാ പ്രസിഡന്റ് സി. ഡി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വീണ ജോർജ് എംഎൽഎ, രാജു ഏബ്രഹാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഷാജി മൻഹർ, ബൈജു രാജേന്ദ്രൻ, കെ.വി. ജാഫർ, എ. ജെ. ഷാജഹാൻ, കെ. സജീവ്, ബിജു വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.