സ്വന്തം ലേഖകൻ
തൃശൂർ: ഏറ്റവും ചെറിയ ശബ്ദമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നു ശ്രവണവൈകല്യനിർമാർജനത്തിന്റെ ആഗോള അംബാസിഡറും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവുമായബ്രെറ്റ്ലീ. കേൾവിശക്തിയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിക്കായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെത്തിയെ ബ്രെറ്റ്ലീ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.
ഇന്ത്യയിൽ തെരുവോരങ്ങളിലും പരിപാടികളിലുമൊക്കെ ശബ്ദം കൂടുതലാണ്. ഉറക്കെ പറഞ്ഞാലും മെല്ലെ പറഞ്ഞാലും കേൾക്കാമെന്നിരിക്കേ അധികം ശബ്ദം ഉപയോഗിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. കുറഞ്ഞ ശബ്ദം, കൂടുതൽ കേൾവി, ഇതായിരിക്കണം തത്വം. ശബ്ദങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യ. സംഗീതം കൊണ്ട് ശ്രവണശേഷി ഒരിക്കലും തിരിച്ചുപിടിക്കാനാകില്ല.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംഗീതപരിപാടികളും മറ്റും കേൾവിശക്തി തകരാറിലാക്കും. അതുകൊണ്ട് അമിത ശബ്ദഘോഷങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് കേരളം മാതൃകയാണെന്ന് ബ്രെറ്റ്ലീ പറഞ്ഞു. ഈ മേഖലയിൽ കേരളത്തിന്റെ പുരോഗതിയെ പ്രശംസിക്കാതിരിക്കാനാവില്ല. എല്ലാ നവജാത ശിശുക്കൾക്കും ശ്രവണ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ഏർപ്പെടുത്തുന്നതിൽ കേരളം മികച്ച ഉദാഹരണമാണ്.
ഒരു കുട്ടിക്കും നിശബ്ദലോകത്തു ജീവിക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മകന് അഞ്ചാം വയസിലുണ്ടായ അപകടത്തെതുടർന്ന് ശ്രവണവൈകല്യമുണ്ടായി. മകന്റെ കേൾവിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടയിലാണ് ഈ പദ്ധതിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നു ബ്രെറ്റ്ലീ പറഞ്ഞു. തുടർന്നാണ് ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി മാറിയത്.
കേരളത്തിലെ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം കേൾവിശേഷി സംബന്ധിച്ച പരിശോധ നിർബന്ധമാക്കണമെന്നു ബ്രെറ്റ്ലീ പറഞ്ഞു. സംസ്ഥാന സർക്കാരിനോടു മുന്‍പ് കേരളം സന്ദർശിച്ച വേളയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.ശ്രവണശേഷി പരിശോധനയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയെന്നത് അത്യാവശ്യമാണ്. ഇന്ത്യയിൽ പതിനായിരം കുട്ടികളിൽ മുപ്പതു കുട്ടികൾക്കു ശ്രവണവൈകല്യം ബാധിക്കുന്നുവെന്നാണ് കണക്ക്.
ശിശു ജനിച്ചാൽ ആശുപത്രി വിടുന്നതിനുമുന്പ് പരിശോധന നടത്തിയിരിക്കണം. കുഞ്ഞ് ജനിച്ച് ഒരു മാസത്തിനുള്ളിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയും മൂന്നു മാസത്തിനുള്ളിൽ ശ്രവണവൈകല്യമുണ്ടെങ്കിൽ തിരിച്ചറിയുകയും ആറുമാസത്തിനുള്ളിൽ വേണ്ട ചികിത്സാക്രമങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
രാവിലെ പതിനൊന്നോടെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിയ ബ്രെറ്റ്ലീയെ ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്തും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടിജോ ജോയ് മുല്ലക്കര, ഡോ. സണ്ണി ജോർജ്, ഡോ. വി.സി.മനോജ് തുടങ്ങിയവരും ചേർന്നു സ്വീകരിച്ചു.
ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയശേഷം നവജാത ശിശുക്കളുടെ ശ്രവണ പരിശോധന ബ്രെറ്റ്ലീയുടെ സാന്നിധ്യത്തിൽ നടത്തി. പിന്നീട് വിദ്യാർഥികളുമായും മാനേജ്മെന്റ് അധികൃതരുമായും സംസാരിച്ചു.
വൈകീട്ട് തൃശൂർ ഗവ. മെഡിക്കല്‍ ആശുപത്രിയിലെത്തി കേള്‍വി പരിശോധനാകേന്ദ്രം സന്ദര്‍ശിച്ചു. തൃശൂരിലെ ആദ്യ സന്ദര്‍ശനമാണ് ബ്രെറ്റ് ലീയുടേത്. കേരളത്തില്‍ നാലാമത്തെയും.
ഫിദയ്ക്കും ഹിബയ്ക്കും ബ്രെറ്റ്്ലീയുടെ അഭിനന്ദനം
തൃശൂർ: ജന്മനാ ഇല്ലാതിരുന്ന കേൾവിശക്തി വീണ്ടെടുത്ത് പഠനരംഗത്തു മികവു തെളിയിച്ച ഫിദയ്ക്കും ഹിബയ്ക്കും ബ്രെറ്റ്്ലീയുടെ അഭിനന്ദനം. കോക്ലിയർ ഇംപ്ലാന്റേഷന്റെ ആഗോള ഹിയറിംഗ് അംബാസിഡർ കൂടിയായ ബ്രെറ്റ്്ലീ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിദ്യാർഥിനികളായ ഹിബയെയും ഫിദയെയും കണ്ടത്.
ചെറുപ്രായത്തിൽതന്നെ കോക്ലിയർ ഇംപ്ലാന്റിലൂടെയാണ് ഇരുവരും കേൾവിശക്തി വീണ്ടെടുത്തത്. ഹിബ തൃശൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയും ഫിദ തൃശൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയുമാണ്. മൈസൂരിലെ സ്പീച്ച് തെറാപ്പി സെന്ററിലെ പൂർവ വിദ്യാർഥികളാണ് ഇരുവരും. ഇവരുടെ വിജയകഥ കേട്ടറിഞ്ഞാണ് തൃശൂർ സന്ദർശന വേളയിൽ ഇരുവരെയും നേരിട്ടുകണ്ട് അഭിനന്ദിക്കാൻ ബ്രെറ്റ്്ലീ സമയം കണ്ടെത്തിയത്.