കോഴിക്കോട്: സ്വകാര്യബസുകാര്ക്കെതിരേ നടപടി സ്വീകരിച്ച പോലീസുകാര്‍ക്കെതിരേ നടപടിക്ക് കനത്ത സമ്മർദം. സംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളും ആഭ്യന്തരവകുപ്പിനുമേല് കടുത്ത സമ്മർദം ചെലുത്തിയതിനെ തുടര്‍ന്നാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്ത അഡീഷണല്‍ എസ്ഐയ്ക്കും രണ്ടു പോലീസുകാര്‍ക്കുമെതിരേ “കൃത്യവിലോപം’ ചൂണ്ടിക്കാട്ടി ‘ശിക്ഷ’ നടപ്പാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതെന്നാണറിയുന്നത്. പോലീസിന് വീഴ്ചയുണ്ടായെന്നാണ് ഡിസിആര്‍ബി അസി.കമ്മീഷണറുടേയും കണ്ടെത്തല്‍ . അതിനാൽ പോലീസുകാർക്കെതിരെ ഇന്ന് ശിക്ഷാനടപടി പ്രഖ്യാപിച്ചേക്കും.
സ്ത്രീ പരാതി നല്‍കിയിട്ടും സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുക്കാന്‍ വൈകിയെന്നതാണ് പോലീസിനെതിരേയുള്ള വീഴ്ചയായി പറയുന്നത്. ആദ്യം ഒത്തു തീര്‍പ്പിന് ശ്രമിച്ച നടപടി അനാവശ്യമായിരുന്നുവെന്നാണ് കണ്ടെത്തല്‍ . ഈ വീഴ്ചയെ തുടര്‍ന്നാണ് പോലീസിനെതിരേ നടപടി സ്വീകരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകളായുണ്ടായിട്ടും പോലീസിനെതിരേ റിപ്പോര്‍ട്ട് തയാറാക്കിയത് രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് സേനയിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
അതേസമയം പരാതിക്കാരിയായ സ്ത്രീക്കൊപ്പം നിന്ന പോലീസുകാരെ ശിക്ഷിക്കാനുള്ള നീക്കം തകൃതിയാണെങ്കിലും മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റെയും സിപിഎമ്മിന്റെയും പേരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ ഗുരുതര സംഭവത്തിൽ പോലീസിന് നടപടിയെടുക്കാനാവുന്നില്ല. കേസെടുത്തതല്ലാതെ മറ്റുള്ള നടപടികള്‍ ഒന്നും തന്നെ ഇതുവരേയും സ്വീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ കേസാണ്. കൂടാതെ സിഐടിയുവിന്റെയും സിപിഎമ്മിന്റെയും ഭാരവാഹിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി വിളിച്ചതും ക്രിമിനല്‍ കേസാണ്. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു വരെ ആദ്യഘട്ടത്തില്‍ നിര്‍ദേശമുണ്ടായെങ്കിലും പ്രാദേശിക നേതാക്കളുടേയും തൊഴിലാളി സംഘടനകളുടേയും സമ്മര്‍ദത്തെ തുടര്‍ന്ന് നടപടി വൈകിക്കുകയാണെന്നാണ് ആരോപണം .
വിഷയത്തില്‍ പോലീസ് അസോസിയേഷന് ഇടപെടണമെന്നും പോലീസിനുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. “പോലീസുദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ അനാവശ്യ മാനസിക പീഡനങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കുവാന്‍ കേരള പോലീസ് അസോസിയേഷന് നിര്‍ബന്ധിതമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ് പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിനു തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ സമ്മർദത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടപടി സ്വീകരിക്കേണ്ടതായി വരുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. നിയമമനുസരിച്ച് ജോലി ചെയ്ത പോലീസുകാര്‍ക്കെതിരേ രാഷ്ട്രീയ-മത സമ്മർദത്താല്‍ നടപടി സ്വീകരിക്കരുതെന്നാണ് സേനാംഗങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന അഭിപ്രായം.
കഴിഞ്ഞമാസം 17 നാണ് കേസിനാസ്പദമായ സംഭവം. സൈഡ് തന്നില്ലെന്നാരോപിച്ച് ബസ് ഡ്രൈവര്‍ ദമ്പതികളോട് അശ്ളീല ആംഗ്യം കാണിച്ച് മോശമായി പെരുമാറുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന മായനാട് സ്വദേശികളായ ദമ്പതിമാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവർ ഓമശ്ശേരി പൂവ്വംപറമലയില് എന്‍. കെ സുബൈറിനെ(38) സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതുള്പ്പെടെയുള്ള ഐപിസി 509-ാം ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോലീസിനെ കുടുക്കാന്‍ അപ്പോള്‍ തന്നെ മര്‍ദന നാടകവുമായി ബസ് ജീവനക്കാരന് രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വകാര്യബസ് ഡ്രൈവറെ മര്‍ദിച്ചെന്ന വാദം പൊളിയുന്നതായിരുന്നു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ .
പോലീസ് സ്റ്റേഷനില്‍ നിന്ന് ബസ് ഡ്രൈവര്‍ ശാരീരികമായ പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങിപോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദനമേറ്റയാള്‍ക്ക് യാതൊരു വിധ ശാരീരികപ്രശ്നങ്ങളുമില്ലാതെ നടന്നുപോവാന്‍ സാധിക്കില്ലെന്നതും മെഡിക്കൽ റിപ്പോർട്ടിൽ സുബൈറിന് പരിക്കേറ്റിട്ടില്ലെന്ന പരാമർശവും പോലീസിന് ആദ്യഘട്ടത്തിൽ തുണയായി. ഇതോടെ നെടുങ്കണ്ടം മോഡല്‍ കസ്റ്റഡി മര്‍ദന ആരോപണത്തിന്റെ മുനയൊടിഞ്ഞു.
തുടര്‍ന്നാണ് പോലീസിനെ മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റെയും സിപിഎമ്മിന്റെയും പേരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയത്. ഇതിനു പിന്നാലെ ഒരു ദിവസം മുക്കം മേഖലയിൽ സ്വകാര്യബസുകാർ പണിമുടക്കിയിരുന്നു.