കണ്ണൂർ: തെറ്റിൽനിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്ന് കെ. മുരളീധരൻ എംപി. പിഎസ്സി കുംഭകോണം അന്വേഷിക്കുക, പ്രളയദുരിതാശ്വാസ കൃത്രിമങ്ങൾ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി നിരന്തരം കൂടി ശബരിമല ഉൾപ്പെടെയുള്ള സംഭവങ്ങളിൽ തെറ്റുപറ്റിയിട്ടുണ്ടെന്നും തിരുത്തുകയാണെന്നുമൊക്കെ പറഞ്ഞ് പുറത്തിറങ്ങിയതിനുശേഷം എല്ലാ തെറ്റുകളും ആവർത്തിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണപരാജയമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതിയത്.
കണ്ണൂരിലെ ആന്തൂർ നഗരസഭ ഉൾപ്പെടുന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ ഒരു നഗരസഭാസെക്രട്ടറിക്ക് എന്ത് ചെയ്യാൻ പറ്റും. തോന്നിയതുപോലെ ഫയൽ എഴുതിയതെങ്കിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ഭാര്യ ചെയർപേഴ്സണായ ആന്തൂർ നഗരസഭയിൽ സെക്രട്ടറിക്ക് ജീവൻ ബാക്കിയുണ്ടാകുമോ.
അഭിമാനിയായ മാർക്സിസ്റ്റുകാരൻ സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ആന്തൂർ നഗരസഭാ ചെയർപേഴ്സൺ തന്നെയാണ്. ഞാൻ ഈ കസേരയിലിരിക്കുന്ന കാലത്തോളം കൺവൻഷൻ സെന്ററിന് അനുമതി നൽകില്ലെന്നാണ് അവർ പറഞ്ഞത്. അപ്പോൾ സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വം ആർക്കാണ്.
യൂണിവേഴ്സിറ്റി കോളജ് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിന്റെ തനിപകർപ്പാണെന്നും അടിയന്തരാവസ്ഥയെകുറിച്ച് വിലപിക്കുന്ന പിണറായി വിജയൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് കേരളത്തിൽ ഉരുട്ടിക്കൊല നടന്നിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ് ലിം ലീഗ് നേതാക്കളായ വി.കെ. അബ്ദുൾഖാദർ മൗലവി, അബ്ദുൾ റഹ്മാൻ കല്ലായി, പി. കുഞ്ഞിമുഹമ്മദ്, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, ഇല്ലിക്കൽ അഗസ്തി, പി. സുനിൽ കുമാർ, കെ. സുരേന്ദ്രൻ, വി.എ. നാരായണൻ, അബ്ദുൾ കരീം ചേലേരി എന്നിവർ പ്രസംഗിച്ചു. രാപ്പകൽ സമരം നാളെ രാവിലെ 10ന് അവസാനിക്കും. കെ. സുധാകരൻ എംപി സമാപനം ഉദ്ഘാടനം ചെയ്യും.