കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ 11ന് വരണാധികാരി കൂടിയായ ജില്ലാകളക്ടർ ടി.വി. സുഭാഷിന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ മത്സരിക്കും.
കെപിസിസി ജനറൽ സെക്രട്ടറിയും കിഴുന്ന വാർഡ് അംഗവുമാണ് സുമാ ബാലകൃഷ്ണൻ. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മേയറും മേലെചൊവ്വ വാർഡ് അംഗവുമായ ഇ.പി. ലതയാണ് എൽഡിഎഫ് സ്ഥാനാർഥി. മേയർ തെരഞ്ഞെടുപ്പിൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ പകുതിയിലധികം പേരുടെ പിന്തുണ ലഭിച്ചവരാണ് തെരഞ്ഞെടുക്കപ്പെടുക.
നിലവിൽ 55 അംഗങ്ങളിൽ യുഡിഎഫിന് 28 ഉം എൽഡിഎഫിന് 26 ഉം അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. എൽഡിഎഫിലെ എടക്കാട് കൗൺസിലർ ടി.എം. കുട്ടിക്കൃഷ്ണൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന യുഡിഎഫ് കൗൺസിലർമാർക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ കോർപറേഷൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.അവിശ്വാസപ്രമേയം യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ അവിശ്വാസപ്രമേയത്തിന് അനുകൂലമായി 26 വോട്ടുകളാണ് ലഭിച്ചത്. 28 വോട്ടുകളെങ്കിലും നേടിയാലേ അവിശ്വാസം പാസാവുകയുള്ളൂ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് കൗൺസിലർമാർ ഇന്നലെ യോഗം ചേർന്നിരുന്നു.