സ്വന്തം ലേഖകൻ
കൊച്ചി: രാഷ്ട്രദീപികയിൽനിന്നു ലഭിക്കുന്ന ആദരം വലിയ അഭിമാനമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊച്ചി ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്ട്രദീപിക വുമൺ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്ത്രീധനം മാസികയുടെ 25- ാം വാർഷികത്തോടനുബന്ധിച്ചു സമൂഹത്തിലെ വിവിധ മേഖലകളിൽ മികവറിയിച്ച ഏഴു വനിതാ പ്രതിഭകൾക്കു നൽകുന്ന രാഷ്ട്രദീപിക വിമൻ എംപവർമെന്റ് പുരസ്കാരങ്ങളുടെ സമർപ്പണവും മന്ത്രി നിർവഹിച്ചു.
നിപ്പ പേടി നാടെങ്ങും പരന്നപ്പോൾ, പ്രത്യേകമായി ചെങ്ങറോത്ത് ഗ്രാമത്തിൽ നിപ്പ ഭീതിമൂലം ആളുകൾ വീടൊഴിഞ്ഞു പോകാൻ പോലും തയാറായപ്പോൾ അവിടെയെത്തി ധൈര്യം പകരാൻ രാഷ്ട്രദീപിക ഉൾപ്പെടെയുള്ള പത്രങ്ങൾ സഹായകമായി എന്നതു സന്തോഷത്തോടെ ഓർക്കുകയാണ്. അനാവശ്യ ഭീതി പരത്താതെ മാധ്യമങ്ങൾ സർക്കാരിന്റെ പ്രതിരോധ ബോധവത്കരണങ്ങൾക്കൊപ്പം ചേർന്നു. അതിന്റെ മുഖ്യസ്ഥാനത്തു രാഷ്ട്രദീപിക ഉണ്ടായിരുന്നു.
അതിനു പ്രത്യേകമായി നന്ദി അറിയിക്കുന്നു. ആരോഗ്യമന്ത്രി എന്ന നിലയിൽ രാഷ്ട്രദീപികയിൽനിന്നു തനിക്കു ലഭിക്കുന്ന ഈ ആദരം തന്റെ കൂടെനിന്ന ആരോഗ്യവകുപ്പിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും വേണ്ടി സമർപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ മന്ത്രിക്കു പുരസ്കാരം സമർപ്പിച്ചു. അനുഗ്രഹപ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു.
രാഷ്ട്രദീപിക വുമണ്‍ ഐക്കണ്‍ അവാർഡ് ശീമാട്ടി മാനേജിംഗ് ഡയറക്ടർ ബീന കണ്ണനു മന്ത്രി സമർപ്പിച്ചു. എക്സലൻസ് ഇൻ സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് കെഎൽഎം മൈക്രോ ഫിനാൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിജി ഷിബുവും മികച്ച അഭിനേത്രിക്കുള്ള അവാർഡ് നടി നമിത പ്രമോദും ഏറ്റുവാങ്ങി. അങ്കമാലിയിലെ മഹിള അപ്പാരൽസ് മാനേജിംഗ് ഡയറക്ടർ ഗ്രേസി തോമസ് എക്സലൻസ് ഇൻ ഇന്നോവേറ്റീവ് മാനുഫാക്ചറർ അവാർഡ് സ്വീകരിച്ചു.
ലീഡർഷിപ്പ് ആൻഡ് സോഷ്യൽ എക്സലൻസ് അവാർഡ് ആലുവ നഗരസഭ ചെയർപേഴ്സണ്‍ ലിസി ഏബ്രഹാമിനു നൽകി. ഔട്ട്സ്റ്റാൻഡിംഗ് വുമണ്‍ എന്റർപ്രണർ അവാർഡ് അമേരിക്കൻ ഇലക്ട്രോളിസിസ് മാനേജിംഗ് പാർട്ണർ സിൽജി പൗലോസും ഇന്നോവേറ്റീവ് ബിസിനസ് വിമൻ അവാർഡ് അഡോണ ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ മോളി ബാബുവും ഏറ്റുവാങ്ങി.
സ്ത്രീധനം മാസികയുടെ ചരിത്രവഴികൾ എഡിറ്റർ ഇൻ ചാർജ് സീമ മോഹൻലാൽ അവതരിപ്പിച്ചു. ടീംവണ് അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ വിനോദിനി ഐസക്, രാഷ്ട്രദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. ഷാൻലി ചിറപ്പണത്ത്, രാഷ്ട്രദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ്, കൊച്ചി രാഷ്ട്രദീപിക മാർക്കറ്റിംഗ് സീനിയർ മാനേജർ റെബി ജോർജ് എന്നിവർ പ്രസംഗിച്ചു.
പുരസ്കാര സമർപ്പണ ചടങ്ങുകളുടെ മുഖ്യ സ്പോണ്സർ ബിൽറ്റ്ടെക് പ്രോപ്പർട്ടി ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ബിനോയ് തോമസ്, കോ- സ്പോണ്‍സർമാരായ മെഡിമിക്സ് ഡിജിഎം ജിനൻ, ചാവറ മാട്രിമണി എക്സി. ഡയറക്ടർ ജോണ്സണ് സി. ഏബ്രഹാം, വിസ്തോസ് ഗ്ലോബൽ ഡയറക്ടർമാരായ വിനു ജയചന്ദ്രൻ, ജോയി വർക്കി എന്നിവർക്കു ഫാ.മാത്യു ചന്ദ്രൻകുന്നേൽ ഉപഹാരങ്ങൾ നൽകി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണു പുരസ്കാര സമർപ്പണ സമ്മേളനം നടന്നത്. സംഗീതവിരുന്നും ഉണ്ടായിരുന്നു.