കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലുമായി മോഷണപരന്പര തുടർക്കഥയാകുന്നു. നേരത്തെ ബസിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലുമായി നടന്ന മോഷണങ്ങൾ ഇപ്പോൾ പട്ടാപ്പകൽ ടൗണിലും അരങ്ങേറുകയാണ്. രണ്ടു ദിവസമായി ടൗണിലും പരിസര പ്രദേശങ്ങളിലുമായി മോഷണങ്ങൾ പെരുകയാണ്.
ഇന്നലെ പട്ടാപ്പകൽ കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടമകൾ ബൈക്ക് പാർക്ക് ചെയ്ത് കടകളിലേക്ക് കയറുന്ന മിനിറ്റുകൾക്കുള്ളിലാണ് മോഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം ടൗണിനോട് ചേർന്നുള്ള മദ്രസയിലെയും കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആയിഷാ പള്ളിയുടെയൂം നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമം നടന്നിരുന്നു. കെഎംഎ റോഡിൽ മദ്രസയ്ക്ക് സമീപത്തെ നേർച്ചപ്പെട്ടി പൂട്ട് തകർത്താണ് പണം മോഷ്ടിക്കാൻ ശ്രമിച്ചത്. ആനിത്തോട്ടത്തെ പള്ളിക്ക് സമീപം നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മുന്പ് പേട്ടക്കവലയിലെ കടകളിലും കുരിശുങ്കലിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്തും പകൽ സമയങ്ങളിൽ ബസുകളിലുമായി മോഷണങ്ങൾ നടന്നിരുന്നു. അടുത്ത നാളുകളായി മേഖലയിൽ മോഷണ ശ്രമങ്ങൾ പെരുകി വരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.
പട്ടാപ്പകൽ ബൈക്ക് മോഷണം; യുവാക്കൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പട്ടാപ്പകൽ ജനമധ്യത്തിലൂടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു. മണിക്കൂറുകൾക്കുള്ളിൽ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പോലീസ് പിടിയിലായി. പാലന്പ്ര കോഴിക്കുന്നേൽ സുര്യജിത്ത് (20), പൊടിമറ്റം സ്വദേശിയായ ദിബിൻ ബോസ് (25) എന്നിവരാണ് ഇന്നലെ ഉച്ചയോടെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞത്.
കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ബൈക്ക് പാർക്ക് ചെയ്ത ശേഷം ഉടമ കടയിലേക്ക് പോയ സമയത്ത് ഇവർ ബൈക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇവരെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും പട്ടിമറ്റം ഭാഗത്തുകൂടി ബൈക്ക് ഓടിച്ച് പോകുന്നതായി വിവരം ലഭിച്ചു. ഇതോടെ പിന്നാലെയെത്തിയ പോലീസ് പൂതക്കുഴി വളവനാപ്പാറയ്ക്ക് സമീപത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
ബൈക്ക് ഇട്ടിട്ട് ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരോടൊപ്പമുള്ള മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.