തിരുവല്ല: ഏത് നിമഷവും തകർന്ന് നിലം പതിക്കാവുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കീഴിൽ ജീവഭയത്തിലാണ് ജീവനക്കാരും പെൻഷൻകാരും. തിരുവല്ല സബ്ട്രഷറി കെട്ടിടത്തിനാണ് ഈ ദുർഗതി. നൂറു വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽ ട്രഷറിയുടെ പ്രവർത്തനം ആരംഭിച്ചിട്ട് 40 വർഷം പിന്നിടുന്നു. തകർന്ന മേൽക്കൂരയ്ക്ക് കീഴിലുള്ള കെട്ടിടത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരും പെൻഷൻ വാങ്ങാനെത്തുന്ന വയോധികരും മഴക്കാലത്തടക്കം ജീവഭയത്തോടെയാണ് കഴിയുന്നത്.
തകർന്ന് തരിപ്പണമായ മേൽക്കൂരക്ക് മേൽ ടാർ പാളിൻ വലിച്ചു കെട്ടിയാണ് മഴയെ പ്രതിരോധിക്കുന്നത്. മേൽക്കൂരയിൽ നിന്നും ഭിത്തിയിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കേടുപാടുകൾക്ക് കാരണമാകുന്നുണ്ട്. വെള്ളം വീണ് സർവറുകൾ അടക്കം അടിക്കടി കേടാവുന്നത് ട്രഷറിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് സമീപത്ത് തന്നെയുള്ള റവന്യു ടവറിന്റെ ഭൂഗർഭ നിലയിലേക്ക് ട്രഷറിയുടെ പ്രവർത്തനം മാറ്റുന്നതിന് രണ്ടു വർഷം നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ പെൻഷനേഴ്സ് സംഘടകളുടേതടക്കമുള്ള പ്രതിഷേധം കാരണം ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
പെൻഷൻകാരായ വയോധികർക്ക് റവന്യു ടവറിലെ ഭൂഗർഭ നിലയിലേക്ക് കയറിയിറങ്ങുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പെൻഷനേഴ്സ് സംഘടനകൾ ട്രഷറി നീക്കത്തെ എതിർത്തത്. എന്നാൽ റവന്യുടവറിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ക്രമീകരണം നടത്തണമെന്നാവശ്യം പരിഗണിക്കപ്പെട്ടുമില്ല.
ട്രഷറിക്കായി പുതിയ കെട്ടിടം നിർമിക്കുന്നതിനായി പഴയ ടൗൺ ഹാളിന്റെ ഭാഗത്ത് 12 സെന്റ് വസ്തു നഗരസഭ വിട്ടു നൽകിയിട്ടുണ്ട്. ഇക്കാര്യം ട്രഷറി ഡയറക്ടറേറ്റിനെയും നഗരകാര്യവകുപ്പിനെയും രേഖാമൂലം അറിയിച്ചിട്ടുള്ളതായും ആ വകുപ്പുകളാണ് ഇനി മേൽനടപടികൾ സ്വീകരിക്കേണ്ടതെന്നും നഗരസഭാ സെക്രട്ടറി ഇ. എസ്. ബിജു പറഞ്ഞു.