റെനീഷ് മാത്യു
പ്ര ഥമ കോർപറേഷന്റെ പ്രഥമ മേയർ പദവി ചില രാഷ്ട്രീയ കാരണങ്ങളാലാണ് സുമാ ബാലകൃഷ്ണന് നഷ്ടമായത്. എന്നാൽ, മേയർ പദവി നഷ്ടമായ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ച് കണ്ണൂർ മേയറായി സുമാ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യമായാണ് ഒരു കോൺഗ്രസ് വനിതാ അംഗം മേയർ ആകുന്നത്. 29 വർഷത്തെ കോൺഗ്രസ് രാഷ്ട്രീയ ജീവിതത്തിൽ വൈകിയെത്തിയ അംഗീകാരം. ഒരുപാട് വികസന സ്വപ്നങ്ങളുമായാണ് സുമാ ബാലകൃഷ്ണൻ മേയറായി ചുമതലയേൽക്കുന്നത്. സുമാ ബാലകൃഷ്ണൻ രാഷ്ട്രദീപികയോട് തന്റെ വികസന സ്വപ്നങ്ങളും രാഷ്ട്രീയവും പങ്കു വയ്ക്കുന്നു.
പ്രഥമ കോർപറേഷനിലെ പ്രഥമ ഭരണം എൽഡിഎഫിനായിരുന്നു. എന്നാൽ അവർക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. കൃത്യമായി പറഞ്ഞാൽ മൂന്നുവർഷവും 10 മാസവും എൽഡിഎഫ് ഭരിച്ചു. ഈ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു ?
ജനങ്ങളുടെ പ്രതീക്ഷയായിരുന്നു കണ്ണൂർ കോർപറേഷൻ. കണ്ണൂർ നഗരത്തിലെ സമീപ പ്രദേശങ്ങളായ അഞ്ചു പഞ്ചായത്തുകളും കണ്ണൂർ നഗരസഭയും ചേർന്നാണ് കോർപറേഷൻ രൂപീകരിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു കോർപറേഷൻ രൂപീകരണം. വികസനങ്ങൾ ആഗ്രഹിച്ച കണ്ണൂരിലെ ജനങ്ങൾക്ക് വികസന മുരടിപ്പാണ് എൽഡിഎഫ് ഭരണസമിതി നല്കിയത്. പലയിടങ്ങളിലും തെരുവുവിളക്കുകൾ കത്തുന്നില്ല, തെരുവുനായ്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
കണ്ണൂർ നഗരത്തിലെ യാത്രാദുരിതത്തിന് അറുതി വരുത്താനുള്ള ഒരു ഗതാഗത സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ കോർപറേഷൻ പരിധിയിൽ വീടുകൾ നിർമിക്കുവാൻ സാധിക്കുന്നില്ല. നിസാര കാരണങ്ങൾ പറഞ്ഞ് വീടുകൾക്കുള്ള പെർമിറ്റിന് മുടക്കം വരുത്തുകയാണ് കോർപറേഷൻ ചെയ്യുന്നത്. സ്ത്രീ സൗഹൃദ കോർപറേഷൻ എന്നായിരുന്നു മേയർ പറഞ്ഞു വന്നിരുന്നത്. എന്നാൽ സ്വന്തം ഭരണ സ്ഥാപനത്തിൽപോലും ശുചിമുറികൾ ഒരുക്കുവാൻ മേയർക്ക് സാധിച്ചിട്ടില്ല.
പ്രഥമ കോർപറേഷനിലെ പ്രഥമ മേയർ എന്ന സ്ഥാനം നഷ്ടമായതിനെക്കുറിച്ച്..?
ഞാൻ ഒരു പാട് മാനസികമായി വിഷമിച്ചിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഞാൻ ഇതുവരെ അനുഭവിച്ച മാനസിക പ്രശ്നങ്ങൾ. കോർപറേഷനിൽ വരാതെ ഡിവിഷന്റെ കാര്യങ്ങൾ മാത്രം നോക്കി നടന്നു. കോർപറേഷനിലാകുന്പോൾ ജനങ്ങൾ എന്നെ പല ആവശ്യങ്ങൾക്കും കാണാൻ വരും.
അവരെ ഒന്ന് ഇരുത്താൻ പോലും സാധിക്കാത്തത് എനിക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നല്കിയില്ല. അവസാനം എന്റെ മറുപടി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. ഒരു നാൾ തിരികെ വരും എന്നു പറഞ്ഞാണ് അപ്പോൾ ജനങ്ങൾ അതിന് കമന്റിട്ടത്. അതിപ്പോൾ സംഭവിച്ചു.
മേയർ സ്ഥാനത്തേക്കുള്ള ഈ കടന്നുവരവ് അപ്രതീക്ഷിതമായാണോ…?
അപ്രതീക്ഷിതമായിരുന്നില്ല. ഉടൻ തിരികെ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യത്തിൽ എന്റെ നേതൃത്വം അന്നുമുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. ഉമ്മൻചാണ്ടി സാറും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഭരണം തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. കെ. സുധാകരനായിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്.
രാഷ്ട്രീയത്തിൽ എനിക്കൊരു ഗോഡ്ഫാദർ ഉണ്ടെങ്കിൽ അത് കെ. സുധാകരനാണ്. എന്റെ രാഷ്ട്രീയ ഉപദേശകനും കെ. സുധാകരനായിരുന്നു. കെ. സുധാകരന് അധികാരം ഇല്ലാത്തതിനാലാണ് ഭരണം തിരികെ പിടിക്കാൻ ഇത്രയും വൈകിയത്. കെ. സുധാകരൻ എംപിയായപ്പോൾ ഭരണം തിരികെ പിടിക്കാനുള്ള ശ്രമം ഊർജിതമാക്കുകയായിരുന്നു.
യുഡിഎഫിന് ഭരണം കിട്ടാനും മേയർ എന്ന സ്ഥാനത്തേക്ക് വരുവാനും സാധിച്ചത് പി.കെ. രാഗേഷ് നിമിത്തമാണല്ലോ. മേയർ പദവി നഷ്ടപ്പെട്ടതിനും കാരണം പി.കെ രാഗേഷാണ്. രാഗേഷിന്റെ മടങ്ങി വരവിനെ എങ്ങനെ കാണുന്നു.?
ബൈബിളിൽ പറഞ്ഞിരിക്കുന്ന ധൂർത്തപുത്രൻ ആണ് പി.കെ. രാഗേഷ്. വീടുവിട്ടു പോയ മുടിയനായ പുത്രൻ. ഇപ്പോൾ സ്വന്തം ഭവനത്തിലേക്ക് തിരികെ എത്തി. മകൻ തിരിച്ചു വന്നപ്പോൾ പിതാവ് വളരെ സന്തോഷത്തിലായിരുന്നു. പിതാവിനുണ്ടായ സന്തോഷമാണ് കോൺഗ്രസ് പ്രവർത്തകർക്കും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നല്ല സ്വീകരണമാണ് കോൺഗ്രസിൽ രാഗേഷിന് ലഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ സ്വന്തം ഭവനത്തിലേക്ക് മടങ്ങി വരേണ്ടതായിരുന്നു.
മേയർ എന്ന പദവിയിൽ ഇരുന്ന് അടിയന്തരമായി നടപ്പിലാക്കുന്ന പദ്ധതികൾ എന്താണ് ?
കണ്ണൂർ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിപ്പിനാണ് പ്രഥമ പരിഗണന. റോഡുകൾ എല്ലാം തകർന്നു കിടക്കുകയാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണും. മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തരമായും പരിഹാരം കാണും. തെരുവുവിളക്കുകൾ സ്ഥാപിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള നടപടികൾ കൈകൊള്ളും. നഗരത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ശുചിമുറികൾ സ്ഥാപിക്കും.
കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് അധികാരം കൊടുക്കുവാൻ മടി കാണിച്ചിരുന്നു. എന്നാൽ മേയർ എന്ന നിലയിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് പൂർണമായും അധികാരം നല്കും. അവരുമായി ചർച്ച ചെയ്തു വളരെ വേഗത്തിൽ തന്നെ വികസനപദ്ധതികൾ നടപ്പിലാക്കും. കൂടാതെ കോർപറേഷൻ ആസ്ഥാന മന്ദിരത്തിനും മേയർ ഭവനും തറക്കല്ലിടും.
ബഹളമയമായിരിക്കും കൗൺസിൽ യോഗങ്ങൾ. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അതു വ്യക്തമാക്കുന്നതാണല്ലോ.പ്രതിപക്ഷത്തെ എങ്ങനെ നേരിടും ?
നിയമവ്യവസ്ഥകൾക്ക് അതീതമായിട്ടായിരിക്കും മേയർ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം. എൽഡിഎഫ് എപ്പോഴും അവരുടെ രാഷ്ട്രീയ പാപ്പരത്തം കാണിക്കും. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും.
കൗൺസിൽ യോഗങ്ങളിൽ കണ്ടുവരുന്ന ഒരു പ്രവണത ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന ഒന്നാണ്. ഉദ്യോഗസ്ഥരുടെ മേലുള്ള ഒരു കടിഞ്ഞാൺ ജനപ്രതിനിധികൾക്ക് നഷ്ടപ്പെട്ടോ. എങ്ങനെയായിരിക്കും ഇവരെ നിയന്ത്രിക്കുക ?
എൽഡിഎഫിന്റെ ഭരണകാലത്ത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന ഒരു സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും തമ്മിൽ വളരെ നല്ല ഒരു ബന്ധം വളർത്തിയെടുക്കുവാൻ ശ്രമിക്കും. ഉദ്യോഗസ്ഥരെ കൂടുതൽ സ്വതന്ത്രരാക്കും. അവർക്ക് നല്ല പിന്തുണ തന്റെ ഭാഗത്തു നിന്നുണ്ടാകും.
കണ്ണൂർ മേയറായ സുമാ ബാലകൃഷ്ണൻ നല്ല ഒരു പാചകക്കാരി കൂടെയാണ്. രാഷ്ട്രീയം കഴിഞ്ഞാൽ പാചകമാണ് കൂട്ട്. ബിരിയാണിയടക്കം നിരവധി വെജ്-നോൺ വെജ് വിഭവങ്ങൾ സുമ ഉണ്ടാക്കുമെന്നാണ് സഹപ്രവർത്തകർ പറയുന്നത്. നല്ല പാചക വിദഗ്ധ ആയതുപോലെ നല്ല ഭരണ വിദഗ്ധയും ആയിരിക്കും സുമയെന്നാണ് യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പറയുന്നത്. പാർട്ടിക്കും ജനങ്ങൾക്കും ഒപ്പമുള്ള മേയർ ആയിരിക്കണമെന്നാണ് ആശംസ അറിയിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്.