തൃശൂർ: രാവിലെ വീട്ടിൽനിന്നിറങ്ങുന്നത് ഓട്ടോ ഡ്രൈവറായി. സ്കൂളിലെത്തിയാൽ കാക്കിക്കുപ്പായം മാറ്റി അധ്യാപക വേഷത്തിലേക്ക്. സ്കൂൾസമയം കഴിഞ്ഞാൽ വീണ്ടും കാക്കിയുടുപ്പണിഞ്ഞ് ഓട്ടോറിക്ഷയുമായി തൃശൂർ നഗരത്തിലേക്ക്. അധ്യാപക ദിനത്തിലും അന്നന്നത്തെ അന്നം കണ്ടെത്താൻ ഈ അധ്യാപകൻ ഓട്ടോറിക്ഷയുമായി അലയുന്നു.
ഇതു മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകൻ വി.ജെ. ജിന്റോ. അധ്യാപകനായി ജോലിനോക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും കുടുംബം പോറ്റണമെങ്കിൽ ഓട്ടോറിക്ഷ ഓടിക്കേണ്ട അവസ്ഥയാണ്. കുരുന്നുകൾക്ക് അറിവ് പകർന്നുകൊടുക്കുന്നതു പുണ്യമാണെങ്കിലും ജോലിക്കു വേതനമില്ലെങ്കിൽ പിന്നെ എന്തു ചെയ്യും.
നാലു വർഷമായി പോന്നോർ വാഴപ്പിള്ളി വീട്ടിൽ ജിന്റോ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചിട്ട്. വർഷങ്ങളായി ഒരു രൂപ പോലും ശന്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന കേരളത്തിലെ നൂറുകണക്കിന് അധ്യാപകരിൽ ഒരാളാണ് ജിന്റോ മാസ്റ്റർ. നിയമനം സർക്കാർ അംഗീകരിക്കാത്തതിനാൽ ശന്പളവും കിട്ടാത്ത സാഹചര്യമാണ്. 2016ൽ ലീവ് വേക്കൻസിയിലാണു ജോലിക്കു കയറിയത്. 2017ൽ സ്ഥിരം നിയമനത്തിനുള്ള യോഗ്യത നേടി.
2016ൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതികളാണ് ഈ അധ്യാപകർക്കു വിനയായത്. ഈ ഭേദഗതിയനുസരിച്ച് എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിൽ 50 ശതമാനം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
നിയമന ഒഴിവു വന്നാൽ ഒരു തസ്തിക പ്രൊട്ടക്ടഡ് അധ്യാപകനും അടുത്തതു മാനേജ്മെന്റിനുമെന്നാണു വ്യവസ്ഥ. മാനേജ്മെന്റുകളുടെ നിയമന അവകാശം ഏറ്റെടുത്തതിനെതിരേ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ന്യൂനപക്ഷ മാനേജ്മെന്റുകളാകട്ടെ, ഭരണഘടനാനുസൃതമായ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സർക്കാർ കവർന്നെടുക്കുന്നു എന്ന നിലപാടിലാണ്.
ചർച്ചകളും ഏകോപനവുമില്ലാതെ സർക്കാർ പുതിയ പരിഷ്കാരങ്ങൾ ഉണ്ടാക്കിയതോടെ നൂറുകണക്കിന് അധ്യാപകർക്കു ജീവിക്കാൻ വേറെ തൊഴിലുകൂടി എടുക്കേണ്ട സ്ഥിതിയാണ്. നിയമന അംഗീകാരം ആവശ്യപ്പെട്ട് ഈ അധ്യാപകർ നിരവധി സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ കണ്ട മട്ടില്ല.
അധ്യാപകനെന്ന മാന്യതയുള്ളതിനാൽ പലർക്കും ജീവിക്കാൻ വേറെ ജോലികൾ ചെയ്യുന്ന കാര്യം പുറത്തുപറയാൻ പോലും മടിയാണ്. പെയിന്റിംഗ് അടക്കമുള്ള പല ജോലികളും ചെയ്താണ് പല അധ്യാപകരും ജീവിക്കുന്നത്. വർഷങ്ങളായി ശന്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അധ്യാപകർ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർ പ്രതികരിക്കണമെന്നും ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ ആവശ്യപ്പെട്ടു.