എൻ.എം
കോട്ടയം: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ കളമശേരി എസ്ഐ അമൃത് രംഗനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തിൽ വി ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ട എസ്ഐയുടെ നടപടി അത്ര നിസാരമായി കാണേണ്ട കാര്യമല്ലായെന്നാണ് വി ടി ബൽറാം പോസ്റ്റിൽ പറയുന്നത്.
കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി പ്രവർത്തിക്കുന്നതു നല്ലതായിരിക്കും എന്ന സക്കീർ ഹുസൈന്റെ ഭീഷണിയെക്കുറിച്ച് വി ടി ബൽറാം പോസ്റ്റിൽ ഒന്നും പറയുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. ഭരണപക്ഷത്തെ പ്രമുഖ നേതാവ് എസ്ഐയെ ഫോണിൽ വിളിച്ച് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതിനെ പ്രതിപക്ഷത്തെ പ്രമുഖ എംഎൽഎയായ വി ടി ബൽറാം ന്യായീകരിക്കുന്നത് സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുണ്ട്. പോസ്റ്റിനെ ന്യായീകരിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:-
ആ ഫോണ്‍ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഒൗദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്. -പോസ്റ്റിൽ പറയുന്നു.
“കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി പ്രവർത്തിക്കുന്നതു നല്ലതായിരിക്കും” എന്ന സക്കീർ ഹുസൈന്റെ മുന്നറിയിപ്പും “”ഞാൻ ടെസ്റ്റ് എഴുതി പാസായതാണെന്നും എസ്ഐ ആയി കളമശേരിയിൽതന്നെ ഇരിക്കാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല” എന്ന എസ്ഐയുടെ മറുപടിയും അടങ്ങുന്ന ഫോൺസംഭാഷണം വൈറലായതിനു പിന്നാലെയാണ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലാകുന്നത്.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി പോലീസ് ജീപ്പിൽ കയറ്റിയതിനെ ചോദ്യംചെയ്തായിരുന്നു ഏരിയ സെക്രട്ടറിയുടെ ഫോൺവിളി. സംഘർഷസ്ഥലത്തുനിന്നു ജീപ്പിൽ കയറ്റിയ എസ്എഫ്ഐ നേതാവിനെ ഹോസ്റ്റലിൽ എത്തിക്കുകയാണു ചെയ്തതെന്ന എസ്ഐയുടെ മറുപടി സിപിഎം നേതാവിനെ തൃപ്തനാക്കിയില്ല. തുടർന്നായിരുന്നു ഭീഷണി.
എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും മോശമായാണു പെരുമാറിയതെന്നും നിങ്ങളെക്കുറിച്ചു മോശം അഭിപ്രായമാണു ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കുമിടയിലുമെന്നും പറഞ്ഞ സക്കീർ ഹുസൈൻ, കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നതു നന്നാവും എന്ന ഭീഷണിയും മുഴക്കി. കളമശേരിയിൽ നിങ്ങൾ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്ഐ ആയി വന്നിട്ടുണ്ടെന്നും ഇദ്ദേഹം ഫോണിലൂടെ പറയുന്നു.
കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്നവുമല്ലെന്നായിരുന്നു എസ്ഐയുടെ ചുട്ട മറുപടി. “”എനിക്ക് എല്ലാ വിദ്യാർഥികളും ഒരുപോലെയാണ്. ഞാൻ മരിച്ചാലും കുട്ടികൾ തമ്മിൽ പരസ്പരം തല്ലി ചോര വീഴുന്നതു നോക്കിനിൽക്കാൻ യൂണിഫോം ഇട്ടുകൊണ്ട് എനിക്കാവില്ല. നേരേ വാ നേരേ പോ എന്ന നിലയിൽ ഇടപെടുന്ന ആളാണ് ഞാൻ. ഒരു പാർട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. നിലപാട് നോക്കി ജോലി ചെയ്യാനില്ല. ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയിൽ വന്നിരിക്കുന്നത്”- എസ്ഐ മറുപടിയായി പറയുന്നു.
ഇത്രയും വികാരം കൊള്ളേണ്ടെന്നു പറഞ്ഞ് ഏരിയാ സെക്രട്ടറി ഇതിനിടെ ഇടപെട്ടു. ചൂടായിട്ടു കാര്യമില്ല. പലരോടും ചൂടായി സംസാരിക്കുന്നത് അറിയാം. രാഷ്ട്രീയ പ്രവർത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ എന്നും സക്കീർ ഹുസൈൻ ചോദിച്ചു.
എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്. നല്ല ധൈര്യമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ടിരുത്ത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും എനിക്കു പറ്റില്ല. അങ്ങനെ പേടിച്ചു ജീവിക്കാനുമില്ല. നിങ്ങൾ എന്താണെന്നു വച്ചാൽ ചെയ്തോളൂ എന്നുകൂടി പറഞ്ഞാണ് എസ്ഐ സംസാരം പൂർത്തിയാക്കിയത്.
ഫോൺ സംഭാഷണം സക്കീർ ഹുസൈനോ എസ്ഐ അമൃത് രംഗനോ ഇതുവരെ നിഷേധിച്ചിട്ടില്ല. പോലീസുകാർ തന്നെയാണ് ഇതു പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.. എസ്എഫ്ഐ ജില്ലാ ഭാരവാഹിയെ പോലീസ് ജീപ്പിൽ പിടിച്ചുകയറ്റിയതിനെക്കുറിച്ചു ചേദിക്കുക മാത്രമാണു ചെയ്തതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സക്കീർ ഹുസൈൻ പ്രതികരിച്ചത്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ സക്കീർ ഹുസൈൻ മുന്‍പു പാർട്ടി നടപടി നേരിട്ട നേതാവാണ്. ഫോൺ സംഭാഷണം പുറത്തുവന്നതോടെ എസ്ഐക്ക് അഭിവാദ്യമർപ്പിച്ചു നിരവധി ട്രോളുകളാണ് സോഷ്യൽമീഡിയയിൽ ഇറങ്ങി. ഇതുപോലെ നട്ടെല്ലുള്ള 10 എസ്ഐമാർ ഉണ്ടെങ്കിൽ കേരളം നന്നാകുമെന്ന തരത്തിലാണു കമന്റുകൾ.
സിപിഎം നേതാവിന്റെ ഫോണ്‍വിളി: കളമശേരി എസ്ഐയെ സ്ഥലംമാറ്റാന്‍ നീക്കം
കളമശേരി: എസ്എഫ്ഐ നേതാവിനു വേണ്ടി സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ കളമശേരി എസ്ഐ അമൃത് രംഗനെ ഫോണ്‍ വിളിച്ച് വെട്ടിലായ സംഭവത്തില്‍ എസ്ഐയെ സ്ഥലം മാറ്റാന്‍ ശ്രമം.
ഭീഷണിക്കു വഴങ്ങില്ലെന്ന എസ്ഐ യുടെ മറുപടി പുറത്തുവന്നത് പാര്‍ട്ടിക്കു നാണക്കേടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. അതേ സമയം, കലാലയ ജീവിതത്തിനിടെ എസ്ഐ അമൃത് രംഗന് എബിവിപിക്കാരനായിരുന്നെന്നും അതിനാലാണ് സിപിഎം പ്രവര്‍ത്തകരോട് പുച്ഛമെന്നും ആരോപിച്ച് ഫേസ് ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.