ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ ഒ.പി. ക്രമം പരിഷ്കരിക്കുന്നു. ആദ്യ തവണ വരുന്ന രോഗിക്ക് അടുത്ത തവണ എന്നാണ് വരേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിച്ച് തീയതി നല്കുകയാണ് പുതിയ രീതി. ഇതുമൂലം രോഗികളുടെ തിരക്ക് ഒഴിവാക്കാൻ കഴിയും. മാത്രമല്ല രോഗിക്ക് ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരില്ല. കൃത്യമായി ഡോക്ടറെ കാണാനും തിരക്കില്ലാതെ പരിശോധകൾ നടത്താനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം അടിയന്തരമായി ഡോക്ടറെ കാണേണ്ടവർക്ക് ഈ സമയക്രമം ബാധകമല്ല. ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും വലിയ തോതിലുള്ള കുറവ് ഉളളതിനാൽ രാവിലെ എട്ട് മണിക്ക് എത്തുന്ന രോഗി മടങ്ങിപ്പോകേണ്ടി വരുന്നത് വൈകുന്നേരം ആറ് മണിക്ക് ശേഷം മാത്രമാണ്. ഇത് രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് സമയം ക്രമീകരിക്കേണ്ട സാഹചര്യമുണ്ടായത്.
നിലവിൽ കാൻസർ വിഭാഗത്തിന് രണ്ട് യൂണിറ്റുകളാണ് ഉള്ളത്. തിങ്കൾ, ബുധൻ, വെള്ളി യുണിറ്റ് ഒന്നും, യൂണിറ്റ് രണ്ട് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ്. സാധാരണയായി ചികിത്സ കഴിഞ്ഞ് ആദ്യത്തെ ഒരു വർഷം മൂന്നു മാസം കൂടുന്പോഴും രണ്ടാം വർഷം നാലു മാസം കൂടുന്പോഴുമാണ് രോഗിക്ക് ചെക്ക്അപ്പ് നൽകി വരുന്നത്. ഇപ്പോൾ രോഗി അടുത്ത ദിവസങ്ങളിൽ വരുന്നത് വലിയ തിരക്ക് വർധിപ്പിക്കുന്നു.
ഇതു മൂലം കീമോതെറാപ്പി എടുക്കേണ്ടവർക്ക് അതാത് ദിവസങ്ങളിൽ എടുക്കൂ വാൻ കഴിയാതെ വരികയും രോഗികളും ബന്ധുക്കളും ബഹളം വയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതിനാൽ തിരക്ക് ഒഴിവാക്കേണ്ടതിന്റെ ഭാഗമായി ഒ.പി.യിൽ വരുന്ന രോഗികൾക്ക് അടുത്ത തവണത്തേക്കുള്ള തീയതി മുൻകൂട്ടി നൽകും. ആ തീയതിയിൽ വന്നാൽ ബന്ധപ്പെട്ട ഡോക്ടറെ കാണാൻ കഴിയും.
ഇതു മൂലം വളരെ ദൂരെ നിന്നും വരുന്ന രോഗിക്ക് ഡോക്ടറെ കാണാതെ മടങ്ങുന്ന അവസ്ഥ ഇല്ലാതാകും. അടിയന്തരമായി കാണേണ്ടവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.