കടുത്തുരുത്തി: പ്രളയം പല തവണ ദുരിതത്തിലാക്കിയ കല്ലറ മുണ്ടാറിലെ രാജിയും കുടുംബവും ഇനി അർച്ചനയുടെ സ്നേഹകുടിലിൽ സുരക്ഷിതർ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമണ്സ് സെന്റർ നിർമാണം പൂർത്തിയാക്കി രാജിക്കും കുടുംബത്തിനും കൈമാറിയ സ്നേഹവീടിന്റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറി. സാന്പത്തികമായി ഏറേ പ്രയാസമനുഭവിക്കുന്ന രാജിയും കുടുംബവും കഴിഞ്ഞിരുന്നത് മുൻവർഷത്തെ പ്രളയം തകർത്ത ഇടിഞ്ഞു വീഴാറായ വീട്ടിലായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ പ്രളയത്തിന്റെ രൂക്ഷത നേരിട്ടറിഞ്ഞ അർച്ചനയിലെ ജീവനക്കാർ തങ്ങളുടെ ഒരു മാസത്തെ വരുമാനമുപയോഗിച്ചു നിർദ്ധനരായ ഒരു കുടുംബത്തിന് കിടപ്പാടമൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തീർത്തും ദുരിതമനുഭവിക്കുന്ന രാജിയുടെ കുടുംബത്തെ തെരഞ്ഞെടുത്തത്. പിന്നീട് നിർമാണം ആരംഭിച്ച വീട് പൂർത്തിയാക്കാൻ ഏറേ നാളുകൾ വേണ്ടി വന്നില്ല.
വീട് നിർമാണത്തിന് നേതൃത്വം നൽകിയത് അർച്ചന കുടുംബത്തിലെ വനിതാ കാർപെന്റർമാരും മേസ്തിരിമാരും തന്നെയായിരുന്നു. ഭൂമിയിൽ നിന്നും മുളകന്പുകളിൽ ഉയർന്ന് നിൽക്കുന്ന വീടിന്റെ നിർമാണം പൂർണമായും പ്രകൃതിയോട് ഇണങ്ങി ചേർന്നാണ്. 600 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് കിടപ്പു മുറികളും ബാത്ത് റൂമും ഹാളും അടുക്കളുമുൾപെടെയുള്ള സൗകര്യങ്ങളോടെ നിർമിച്ച വീടിന് നാലു വശങ്ങളിലും തുറന്ന് കിടക്കുന്ന വിശാലമായ വരാന്തയുമുണ്ട്.
തറയിൽ പൂർണമായും ടൈൽ പാകിയാണ് വീട് പൂർത്തിയാക്കിയത്. അർച്ചനയുടെ സ്നേഹകൂട്ടായ്മയിൽ ഉയർന്നുപൊങ്ങിയ സ്നേഹവീടിന്റെ താക്കോൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് വൈസ് ചാൻസിലർ പ്രഫ ഡോ സാബു തോമസ് രാജിക്കും കുടുംബത്തിനും കൈമാറി. അർച്ചന വിമൻസ് സെന്ററിന്റെ ഏറ്റുമാനൂരിലെ കേന്ദ്ര ഓഫീസിൽ നടന്ന സമ്മേളനത്തിൽ അർച്ചനയുടെ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.