തുറവൂർ: മൂന്നു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ഏൽപിച്ച ഉത്തരേന്ത്യൻ സ്വദേശിയെ കുത്തിയതോട് പോലീസ് കേസെടുക്കാതെ വെറുതേ വിട്ടു. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ ചാപ്പക്കാവ് കടവുങ്കൽ ആന്റണിയുടെ മകനെയാണ് ഇന്നലെ രാത്രി ഏഴോടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ആന്റണിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉത്തരേന്ത്യൻ സ്വദേശി വീട്ടുമുറ്റത്തു നിന്ന കുട്ടിയുമായി കടക്കുവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു എങ്കിലും സ്റ്റേഷനിൽ എത്തിച്ച ശേഷം പറഞ്ഞു വിടുകയായിരുന്നു.
ചോദ്യം ചെയ്യാനോ, ഇയാളെക്കുറിച്ച് അന്വേഷിക്കുവാനോ തയ്യാറാകാതെയാണ് പോലീസ് ഇയാളെ പറഞ്ഞു വിട്ടത്. ഏറെ ഗൗരവത്തോടെ കാണേണ്ട സംഭവം നിസാരവൽക്കരിച്ച് ക്രിമിനലുകൾക്ക് അഴിഞ്ഞാടുവാനുള്ള അവസരമാണ് പോലീസ് ഒരുക്കുന്നതെന്ന ആക്ഷേപം ഉയരുന്നിട്ടുണ്ട്.
നാട്ടുകാർ പിടികൂടി കൈമാറിയ പ്രതിയെ മെഡിക്കൽ പരിശോധന നടത്തുക പോലും ചെയ്തില്ല. കുത്തിയതോട് പോലീസിന്റെ അനാസ്ഥയ്ക്കെതിരെ ജനരോക്ഷം ശക്തമാകുകയാണ്.