മുക്കം: സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയ്ക്ക് ഇനി ചൂടിനെ പേടിക്കേണ്ടതില്ല. കാക്കി യൂണിഫോമുമിട്ട് ദുരന്ത മേഖലകളില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിചെയ്യുന്ന അഗ്നി രക്ഷാ സേനയ്ക്ക് ചൂടിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ഫയര്‍ പ്രോക്സിമിറ്റ് സ്യൂട്ടുകള്‍ നല്കി തുടങ്ങി. 30,000 ത്തോളം രൂപ വിലവരുന്ന സ്യൂട്ടും 16,000 ത്തോളം രൂപ വിലവരുന്ന ഹെല്‍മറ്റും ഗംബൂട്ടും അടക്കം 50000 രൂപ വിലവരുന്ന ആധുനിക സുരക്ഷാ വസ്ത്രമാണ് സേനയിലെ ഓരോരുത്തര്‍ക്കും ലഭിക്കുക.
മൂന്ന് പാളികളായാണ് ഫയര്‍ പ്രോക്സിമിറ്റ് സ്യൂട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീയുടെ ഏറ്റവും അടുത്തു പോയി അണയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വാതക ചോര്‍ച്ചകള്‍, രാസ ലായനികള്‍ അടക്കമുള്ളവ ഉണ്ടാക്കുന്ന അപകട മേഖലകളിലും കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ ഇതുവഴി സേനയ്ക്ക് കഴിയും.
മുന്‍പ് തീ അണക്കുമ്പോഴും മറ്റും ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുന്നത് പതിവായിരുന്നു. തീക്കനലില്‍ ചവിട്ടിയാലും ഏറെനേരം ഉരുകിയൊലിക്കാത്തതും ചൂട് കടത്തിവിടാത്തതുമാണ് ഇപ്പോഴത്തെ ഗംബൂട്ട്. എളുപ്പം മടക്കാനും തിരിക്കാനും കഴിയുന്ന കൈയുറകള്‍ കൂടുതല്‍ സുരക്ഷ നല്കുന്നു.
തീപിടുത്തം ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ചുട്ടുപഴുത്തിരിക്കുന്ന ഷട്ടറുകളും മറ്റ് വസ്തുക്കളുമൊക്കെ ഇനി കൈകൊണ്ട് ഉയര്‍ത്താം. ചൂടിനെ നൂറ് ശതമാനം പ്രതിരോധിക്കുന്ന പാന്റും ഷര്‍ട്ടും അടങ്ങുന്ന പ്രത്യേക വസ്ത്രം തുണി കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ എളുപ്പം തീ പിടിക്കില്ല.
ഐഎസ്ഒ അംഗീകാരമുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് സിലിക്കണ്‍, കാര്‍ബണ്‍ ഉപയോഗിച്ചുള്ള പ്രത്യേക കവചങ്ങളുമുണ്ട്. നീല നിറത്തിലുള്ള യൂണിഫോമില്‍ റിഫ്ളക്ടര് കളറായി ഓറഞ്ചും ഉണ്ട്. മൂന്ന് പാളികളായാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ യൂണിഫോമിന് തീപിടിച്ചാലും ആദ്യത്തെ പാളി വേഗത്തില്‍ ഊരിക്കളഞ്ഞ് രക്ഷപ്പെടാം.
അഗ്നിരക്ഷാ സേനയിലെ നാലായിരത്തോളം അംഗങ്ങള്‍ക്ക് ദുരന്ത മേഖലകളില്‍ കൂടുതല്‍ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ജോലിചെയ്യാന്‍ ഇതുവഴി കഴിയും. തൃശൂര്‍ ജില്ലയില്‍ പൂര്‍ണമായും പ്രതിരോധ വസ്ത്രങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു.