ചാലക്കുടി: അഷ്ടമിച്ചിറയിലെ പെണ്‍കുട്ടിയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിലെ രണ്ടുപേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. അന്നമനട വാഴേലിപ്പറന്പിൽ അനീഷ്കുമാർ(45), ഇയാളുടെ ഭാര്യ അനുജ എന്ന ഗീതു(33) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂർ ഡിസിആർബി ഡിവൈഎസ്പി പ്രദീപ്കുമാറും ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവും ചേർന്നു പിടികൂടിയത്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെ തെരയുകയാണെന്ന് പോലീസ് അറിയിച്ചു.
മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സംഘം വശീകരിച്ചത്. മോഡലിംഗിന്റെ ആവശ്യത്തിനായി എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആലുവയിൽ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ വീഡിയോയും മറ്റും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിൽ വീണ്ടുമെത്തിച്ച് വിവിധ ആളുകൾക്കു വിലപേശി നൽകി.
മോഡലിംഗിന്റെ ആവശ്യത്തിനെന്നുപറഞ്ഞ് എടുത്ത ഫോട്ടോകളാണ് ഇടപാടുകാർക്ക് നൽകിയിരുന്നത്. ആവശ്യക്കാരിൽനിന്നും വൻ തുകയാണ് ഇവർ ഈടാക്കിയിരുന്നത്. മാനസികമായി തകർന്ന പെണ്‍കുട്ടിയെ മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് പ്രതികൾ വലയിലായത്.
ആസൂത്രിതമായ നീക്കത്തിലാണ് സംഭവത്തിലെ മുഖ്യ കണ്ണികളായ ദന്പതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ വൻ വാണിഭസംഘത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ലഭിച്ചത്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
പ്രതികളെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മാള സിഐ സജിൻ ശശി, സബ് ഇൻസ്പെക്ടർ പി.ടി.അനിൽകുമാർ, എഎസ്ഐമാരായ ജോണ്സൻ, ജിനുമോൻ തച്ചേത്ത്, സീനിയർ സിപിഒമാരായ സി.എം.തോമസ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, സിപിഒമാരായ എ.യു.റജി, ഷിജോ തോമസ്, വനിതാ പോലീസുകാരായ പി.എൻ.ഷീബ, വി.വി.ജിജി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.