എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പാലായിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന്റെ കാര്യത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. രണ്ടിലയിൽ മത്സരിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പ്. കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. പാലയിലെ തെരഞ്ഞെടുപ്പിന് മുന്പ് ഇതു പരിഹരിക്കുന്നതിന് ഒരു തരത്തിലുമുള്ള ചർച്ചയുമില്ല.
ഇരു കൂട്ടരും സംയ്മനത്തോടെ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയം ഇത്രത്തോളം വഷളാക്കേണ്ടതില്ലായിരുന്നു. ഇനി സ്ഥാനാർഥിയുടെ വിജയമാണ് മുന്നിൽ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇരു കൂട്ടരേയും അറിയിച്ചിട്ടുണ്ട്. ജോസ് ടോം പുലിക്കുന്നേൽ ആണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മറ്റുള്ള പത്രികളെല്ലാം ഉടൻ പിൻവലിക്കും.
പിജെ ജോസഫും അദ്ദേഹത്തോടൊപ്പമുള്ളവരും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് കൺവൻഷനിലടക്കം പങ്കെടുക്കുകയും സ്ഥാനാർഥിയക്കായി വോട്ടഭ്യർഥിക്കുകയും ചെയ്യും. നിലവിലെ തർക്കം തെരഞ്ഞെടുപ്പുമായി കൂട്ടികുഴയ്ക്കാൻ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
ഒരോ കാലത്തും കേരള കോൺഗ്രസുകൾ തമ്മിൽ തർക്കം ഉണ്ടാകാറുണ്ട്. ഇത്തവണത്തേതും അങ്ങനെ തന്നെ കാണുന്നു. ഇന്നു മുതൽ കൺവൻഷനുകൾ ആരംഭിക്കുകയാണ്. പാലയിൽ നടക്കുന്ന ഇന്നത്തെ കൺവൻഷനിൽ പിജെ ജോസഫ് പങ്കെടുക്കുമെന്നും ബെന്നി ബഹന്നാൻ രാഷ്ട്രദീപികയോട് പറഞ്ഞു.