കോഴിക്കോട്: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന കണ്ട്രോള് റൂം സംഘം പിടികൂടിയ ബേക്കറി മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ “കെട്ടിടാവശിഷ്ട’ മായി. ചൊവ്വാഴ്ച രാത്രി 11.30 ഓടെ സരോവരം മിനി ബൈപ്പാസിന് സമീപം കെ.പി.ചന്ദ്രന് റോഡിലെ ഗ്രൗണ്ടില്‍ നിക്ഷേപിച്ച ബേക്കറി മാലിന്യമാണ് നടക്കാവ് സ്റ്റേഷനില്‍ പിന്നീട് മണ്ണും ഇഷ്ടികയുമായി “രൂപമാറ്റം’ സംഭവിച്ചത്.
ഇന്നലെ രാവിലെ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ വരെ ബേക്കറി മാലിന്യമാണെന്ന് പറഞ്ഞ പോലീസ് പിന്നീട് ഇവ കെട്ടിടാവശിഷ്ടമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൂടാതെ നാലുപേരെ പിടികൂടി കണ്ട്രോള് റൂം പട്രോളിംഗ് സംഘം കൈമാറിയെങ്കിലും രണ്ടുപേര്‍ മാത്രമാണെന്ന രീതിയില്‍ സ്റ്റേഷനില്‍ “തിരുത്തി’. പോലീസുകാര്‍ കൈയോടെ പിടികൂടിയ മാലിന്യം വരെ “ശുദ്ധമാക്കി’ മാറ്റിയ നടക്കാവ് പോലീസിനെതിരേ സ്പെഷ്യല്‍ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒമ്നി വാനില്‍ ചാക്കികൊണ്ടുവന്ന മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് കണ്ട്രോള് റൂം സംഘത്തിന്റെ ശ്രദ്ധയിയെപ്പെടുന്നത്. ചാക്കുകള്‍ തുറന്ന് നോക്കിയപ്പോള്‍ ഡിസ്പോസിബിള്‍ പ്ലേറ്റും, ഗ്ലാസുമെല്ലാം പോലീസുകാര്‍ കണ്ടു. കുറ്റച്ചിറയിലെ കാറ്ററിംഗ്, ബേക്കറി യൂണിറ്റ് നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ കുറ്റിച്ചറിയില്‍ താമസിക്കുന്ന നമിചന്ദ്മാലി(55), സുമിത്കുമാര്‍ (22) മറ്റു രണ്ട് തൊഴിലാളികള്‍ എന്നിവരാണ് മാലിന്യം നിക്ഷേപിക്കാനായി എത്തിയത്. കണ്‍ട്രോള്‍റൂം സംഘം പിടികൂടിയ ഉടന്‍ കേസിലുള്പ്പെടുത്തരുതെന്ന് പറഞ്ഞ് പണം നല്‍കാമെന്ന വാഗ്ദാനവും നല്‍കിയിരുന്നു. അതേസമയം പിടികൂടിയ നാലുപേരെയും വാഹനവും നടക്കാവ് പോലീസിന് കൈമാറി. രാവിലെയായിട്ടും പോലീസ് കേസെടുത്തിരുന്നില്ല.
നാലുപേരെ കൈമാറിയെങ്കിലും സ്റ്റേഷനില്‍ നിന്ന് അറിയിച്ചത് രണ്ടുപേര്‍ മാത്രമാണുള്ളതെന്നായിരുന്നു. പോലീസ് കേസെടുക്കുന്നതിനേക്കള് നല്ലത് കോര്പറേഷന് അധികൃതര്‍ നടപടി സ്വീകരിക്കുന്നതാണെന്നായിരുന്നു നടക്കാവ് പോലീസിന്റെ വിശദീകരണം. രാവിലെ ബേക്കറി മാലിന്യമാണെന്ന് സ്ഥിരീകരിച്ച പോലീസ് പിന്നീട് അത് തിരുത്തി. ഖരമാലിന്യമാണെന്നായിരുന്നു നടക്കാവ് പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ 1000 പിഴ ചുമത്തി കസറ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയും ചെയ്തു.
സാധാരണയായി കണ്ട്രോള് റൂം സംഘം പട്രോളിംഗിനിടെ ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ അതത് ലോക്കല്‍പോലീസിന് കൈമാറുക പതിവാണ്. പിന്നീട് എന്ത് നടപടി സ്വീകരിച്ചുവെന്ന് അന്വേഷിക്കാറില്ല. എന്നാല്‍ മാലിന്യം നിക്ഷേപിച്ചവര്‍ കണ്ട്രോള് സംഘത്തിന് പണം ഓഫര്‍ നല്കിയ സാഹചര്യത്തിലാണ് സ്റ്റേഷനിലെത്തിച്ച മാലിന്യകേസിനെ കുറിച്ച് ഇവര്‍ വീണ്ടും അന്വേഷിച്ചത്.
കോര്‍പറേഷനിലേക്ക് കൈമാറുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോര്പറേഷന് ആരോഗ്യവകുപ്പ് അധികൃതരുമായി കണ്ട്രോള് റൂം സംഘം അന്വേഷിച്ചെങ്കിലും വൈകിട്ട് വരെ അത്തരം പരാതികളൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് പോലീസുകാര്‍ക്ക് അറിയാനായത്.