ചെറുപുഴ: ആശുപത്രി കെട്ടിടത്തിന്റെ ടെറസിൽ കെട്ടിട നിർമാണ കരാറുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. മലയോര മേഖലയിലെ പ്രധാന കെട്ടിടനിർമാണ കരാറുകാരനായ മുതുപാറ ജോയിയെ (58) യാണ് ചെറുപുഴ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് ചെറുപുഴ പോലീസിൽ പരാതി നൽകിയിരുന്നു.രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പത്തോടെയാണ് ആശുപത്രി കെട്ടിടത്തിന്റെ ടെറസിൽ സ്റ്റെയർകേസിന്റെ പടിയിൽ തലവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈഞരമ്പുകൾ മുറിഞ്ഞ് രക്തം ഒഴുകിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.
ഇയാളുടെ കാർ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിട്ടുണ്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജോയി കരാറെടുത്ത് നിർമിച്ചതാണ് കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം. കെട്ടിടം നിർമിച്ച വകയിൽ ഇയാൾക്ക് പണം ലഭിക്കാനുണ്ടെന്ന് പറയുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നതായും അറിയുന്നു.
ചെറുപുഴ ടൗണിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ പലതും ഇദ്ദേഹമാണ് നിർമ്മിച്ചത്. ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.