വൈപ്പിൻ: സിനിമാ ടിക്കറ്റിൽ ഇരട്ട നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം സിനിമ വ്യവസായത്തിനും സിനിമ ആസ്വാദർക്കും ഇരുട്ടടിയാകുന്നു. രാജ്യത്തു നികുതിനിരക്ക് ഏകീകരിച്ചു ഗുഡ്സ് സർവീസ് ടാക്സ് (ജിഎസ്ടി) നിലവിൽവന്നപ്പോൾ സിനിമാശാലകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയിരുന്ന വിനോദ നികുതി ഇല്ലാതായതാണ്. എന്നാൽ ഈ മാസം ഒന്നുമുതൽ വീണ്ടും വിനോദ നികുതി അടയ്ക്കണമെന്നു സർക്കാർ ഉത്തരവിറക്കി.
ഇതിനെതിരേ തിയറ്റർ ഉടമകളുടെ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി അനുകൂലമല്ലെങ്കിൽ സിനിമാ ശാലകളിൽ ടിക്കറ്റ് നിരക്ക് ഉയരും. 100 രൂപയ്ക്ക് മേലേയുള്ള ടിക്കറ്റുകളിൽ ഇപ്പോൾ നൽകുന്ന 18 ശതമാനം ജിഎസ്ടി, ഒരു ശതമാനം പ്രളയസെസ്, രണ്ട് രൂപ സർവീസ് ചാർജ്, മൂന്ന് രൂപ സെസ് എന്നിവ കൂടാതെ 8.5 ശതമാനം വിനോദ നികുതിയും കൂടി വരുന്പോൾ ടിക്കറ്റ് നിരക്ക് കുത്തനേ കൂടും.
100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് ജിഎസ്ടി 12 ശതമാനവും വിനോദ നികുതി അഞ്ചു ശതമാനവുമാണ്. സെസിലും സർവീസ് ടാക്സുകളിലും മാറ്റമില്ല. ഈ ടിക്കറ്റുകൾക്കും വർധനയുണ്ടാകും. ആദ്യം ജിഎസ്ടി നിലവിൽ വന്നപ്പോൾ വിനോദ നികുതി കൂടി ഉൾപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവിനെതിരേ കോടതിയെ സമീപിച്ചപ്പോൾ വിനോദ നികുതി നൽകണമെന്ന ഉത്തരവ് സർക്കാർ മരവിപ്പിരുന്നതാണ്. ഇതിനിടയിലാണ് രണ്ടാമതും വിനോദ നികുതി ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.