മൂവാറ്റുപുഴ : പണ്ടപ്പിള്ളി – മൂവാറ്റുപുഴ റൂട്ടില്‍ വൈകുന്നേരങ്ങളില്‍ യാത്രക്ലേശം രൂക്ഷം. രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ സമയക്രമം പാലിക്കാത്തതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒട്ടുമിക്കദിവസങ്ങളിലും വൈകുന്നേരം 6.15നു സ്വകാര്യ ബസ് മൂവാറ്റുപുഴയില്‍ നിന്നും പണ്ടപ്പിള്ളിക്ക് സര്‍വീസ് നടത്തി കഴിഞ്ഞാല്‍ പിന്നീട് രാത്രി എട്ടുവരെ ബസ് സര്‍വീസ് ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ പണ്ടപ്പിള്ളി ഭാഗത്തേയ്ക്കു പോകേണ്ട നൂറുകണക്കിനു യാത്രക്കാര്‍ മണിക്കൂറോളം പെരുവഴിയിലാവുകയാണ്.
രണ്ടു മാസം മുമ്പുവരെ 6.30നും ഏഴിനും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഇവ വീണ്ടും ആരംഭിച്ചെങ്കിലും യാത്രക്കാര്‍ക്കു പ്രയോജനമില്ലാതെ തോന്നുംപടിയാണ് സര്‍വീസ് നടത്തുന്നത്. 6.30നു മൂവാറ്റുപുഴയില്‍ നിന്നും പണ്ടപ്പിള്ളി, പാറക്കടവ് വഴി തൊടുപുഴയ്ക്കു പോയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇപ്പോള്‍ 6.10നാണ് മൂവാറ്റുപുഴയില്‍ നിന്നും പോകുന്നത്.
ആറിനും 6.15നും രണ്ടു ബസുകളുള്ളപ്പോഴാണ് ഇതിനിടയില്‍ മറ്റൊരു സര്‍വീസ്. ഏഴിനു ഇവിടെ നിന്നും സര്‍വീസ് നടത്തിയിരുന്ന ബസിനു പകരമായി ഇപ്പോള്‍ ഓടുന്ന ലോഫ്ളോര്‍ ബസ് എറണാകുളം ഐലന്റില്‍ നിന്നാണ് വരുന്നത്.
പലദിവസങ്ങളിലും ഈ സര്‍വീസ് ഉണ്ടാകാറില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവര്‍ സന്ധ്യകഴിഞ്ഞാല്‍ മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ.കൃത്യമായ സമയങ്ങളില്‍ ബസ് സര്‍വീസ് നടത്തി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനുള്ള തീരുമാനത്തിലാണ് യാത്രക്കാർ.