അടിച്ചു പൂക്കുറ്റിയായി ബൈക്കില്‍ വന്ന യുവാവിനെ പിടികൂടിയ പോലീസുകാര്‍ അറിഞ്ഞില്ല വരാന്‍ പോകുന്നത് വലിയ പണിയാണെന്ന്. ഇയാളുമായി സ്റ്റേഷനിലേക്ക് വരുന്ന വഴി നാട്ടുകാര്‍ തടഞ്ഞ്, അവര്‍ പിടികൂടി ചാക്കിലാക്കിയ ഒരു മലമ്പാമ്പിനെയും പൊലീസിന് കൈമാറി. മദ്യപ പാമ്പിനെയും മലമ്പാമ്പിനെയും ജീപ്പിന്റെ ബാക്ക് സീറ്റില്‍ ഇട്ട് സ്റ്റേഷനിലേക്ക് വരും വഴി പാമ്പിനെ കണ്ട് ഭയന്ന മദ്യപന് ജീപ്പില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു.
റോഡില്‍ വീണ് മേലാസകലം പരുക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ച് മുറിവുകള്‍ ഡ്രസ് ചെയ്ത ശേഷം പൊലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടു വിട്ടു. ഇന്നലെ രാത്രി 10 മണിയോടെ പഴകുളത്താണ് സംഭവം. അടൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തെങ്ങമം സ്വദേശി ബിജു മദ്യപിച്ച് ലക്കുകെട്ട് ബൈക്കില്‍ എത്തിയത്. പ്രഥമദൃഷ്ട്യാ തന്നെ മദ്യപനെ മനസിലാക്കിയ പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റി. പഴയ മോഡല്‍ മഹീന്ദ്രജീപ്പാണ് പൊലീസ് ഉപയോഗിച്ചിരുന്നത്. ഒരു പൊലീസുകാരന് ഇയാളുടെ ബൈക്കുമെടുത്ത് പിന്നാലെ വിട്ടു.
അടൂര്‍ സെന്റ് തോമസ് സ്കൂളിന് സമീപമെത്തിയപ്പോള്‍ ഒരു സംഘം നാട്ടുകാര്‍ ജീപ്പ് തടഞ്ഞു. അവരുടെ കൈയില്‍ ഒരു ചാക്കു കെട്ടുമുണ്ടായിരുന്നു. ആ ഭാഗത്ത് നിന്ന് പിടികൂടിയ പെരുമ്പാമ്പ് ആയിരുന്നു ചാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഈ പാമ്പിനെ വനംവകുപ്പിന് കൈമാറണമെന്നുള്ള നാട്ടുകാരുടെ അഭ്യര്‍ത്ഥന പൊലീസ് സ്വീകരിച്ചു. തുടര്‍ന്ന് ചാക്കുകെട്ട് ഏറ്റുവാങ്ങി ജീപ്പിന് പിന്നിലിട്ടു. മദ്യപിച്ചതിന് കസ്റ്റഡിയിലായ ബിജുവിന്റെ സമീപമാണ് ചാക്കു കെട്ട് വച്ചിരുന്നത്.
ഇടയ്ക്കിടെ ചാക്ക് അനങ്ങുന്നുമുണ്ടായിരുന്നു. ഇതു കണ്ട് മദ്യപന് കുടിച്ചതെല്ലാം ആവിയായി പോയി. പേടി കൂടിയപ്പോള്‍ ഇയാള്‍ ജീപ്പില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു.പ്രതി ചാടിയത് കണ്ട് പൊലീസ് ജീപ്പ് നിര്‍ത്തി. വീഴ്ചയില്‍ ദേഹമാസകലം ബിജുവിന് പരുക്കേറ്റിരുന്നു. ഭയന്നു പോയ പൊലീസുകാര്‍ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മുറിവുകള്‍ ഡ്രസ് ചെയ്ത ശേഷം പൊലീസ് ജീപ്പില്‍ തന്നെ വീട്ടിലുമെത്തിച്ചു. ബൈക്കും കൊണ്ടുക്കൊടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനുള്ള കേസും എടുത്തില്ല. എന്തായാലും ഒരു പെരുമ്പാമ്പ് കാരണം രൂപ 10,000 ലാഭമായതിന്റെ സന്തോഷത്തിലാണ് ബിജു. മാത്രവുമല്ല, പൊലീസ് എസ്കോര്‍ട്ടോടെ വീട്ടിലെത്താനും കഴിഞ്ഞു.