തിരുവനന്തപുരം:പിഎസ്സി പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാർഥിയാണു പുറത്തുനൽകിയതെന്നു പോലീസിനു വിവരം ലഭിച്ചതായി സൂചന. ഈ വിദ്യാർഥി തന്നെയാണ് കേസിൽ പ്രതിയായ പോലീസുകാരൻ ഗോകുലിനു ചോദ്യപേപ്പർ എത്തിച്ചുകൊടുത്തതെന്നാണു പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അന്വേഷണം നടക്കുകയാണ്.
പരീക്ഷ തുടങ്ങിയതിനു തൊട്ടുപിന്നാലെ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഏകദേശം 24 വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഗോകുലിന്റെയും സഫീറിന്റെയും കൈയിൽ ചോദ്യപേപ്പർ എത്തിച്ചു നൽകിയെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
പരീക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്റർനെറ്റിൽനിന്നും മറ്റും കണ്ടെത്തി എസ്എംഎസായി മൂന്നു പേർക്കും അയച്ചു നൽകിയെന്നാണ് കഴിഞ്ഞ ചോദ്യം ചെയ്യലിൽ ഗോകുൽ പോലീസിനോടു പറഞ്ഞത്. എന്നാൽ, ആരാണു തനിക്ക് ചോദ്യപേപ്പർ എത്തിച്ചുനൽകിയതെന്നു ഗോകുലിന് അറിയില്ല, മുഖം കണ്ടാൽ അറിയാമെന്നാണു ഗോകുൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
കേസിലെ മറ്റൊരു പ്രതിയായ പ്രണവിന്റെ നിർദേശപ്രകാരമാണ് ചെറുപ്പക്കാരൻ ചോദ്യപേപ്പർ എത്തിച്ചു നൽകിയതെന്നും ഗോകുൽ പോലീസിനോട് പറഞ്ഞു. പ്രണവിനെ ഇതുവരെ അന്വേഷണ സംഘത്തിനു കണ്ടെത്താനായിട്ടില്ല. അതേസമയം പരീക്ഷ തുടങ്ങിയതിനു ശേഷമാണു ചോദ്യപേപ്പർ ചോർന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിചേർന്നിരിക്കുന്നത്.