ഒന്നര വയസ്സുകാരി മരിച്ച സംഭവം ! മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചു പൂട്ടാനൊരുങ്ങി പഞ്ചായത്ത്; നടപടി ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്…

വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ പാരമ്പര്യ വൈദ്യന്‍ മോഹനന്റെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശം. മോഹനന്റെ ആശുപത്രിയില്‍ അശാസ്ത്രീയമായ ചികിത്സാ രീതികള്‍ നടക്കുന്നതായി നേരത്തെ ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നടപടി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പേ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് പഞ്ചായത്തില്‍ നിന്നും നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തെ ആശുപത്രിക്കെതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിഷേന്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജയും മോഹനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തിലായിരുന്നു ശൈലജ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹനന്റെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹനന്‍ വൈദ്യര്‍ക്കെതിരേ വ്യാപകമായ പരാതികളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമുയരുന്നത്. എന്നാല്‍ ഇയാളെ അനുകൂലിച്ചും ചിലര്‍ കമന്റിടുന്നുണ്ടെന്നതാണ് വിരോധാഭാസം.

Related posts