കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിൽ ജോസ്-ജോസഫ് പോര് തുടരുന്നു. യുഡിഎഫ് സ്ഥാ നാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പാലായിലെത്തിയ പി.ജെ ജോസഫിനെ കൂകിവിളിച്ചും ആക്രോശിച്ചും ജോസ് വിഭാഗം പ്രവർത്തകർ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിഛായയിലും വിമർശനം.
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനു കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില നൽകുന്നത് എതിർത്തതോടെയാണു ജോസ് വിഭാഗം പ്രവർത്തകർ ജോസഫിനെതിരെ തിരിഞ്ഞത്. പ്രതിഛായയിൽ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ‘ഇറ്റു വീണേക്കാനിടയുള്ള ചോരത്തുള്ളികൾക്കുവേണ്ടി നാവു നുണഞ്ഞു നടന്ന സൃഗാലന്മാർ ഇളിഭ്യരായിരിക്കുന്നു.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞു. അണപ്പല്ലുകൊണ്ടിറുമ്മുകയും മുൻപല്ലുകൊണ്ടു ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്കു യാതൊരു പ്രസക്തിയുമില്ല. എന്നിട്ടും ചില നേതാക്കൾ അപസ്വരം കേൾപ്പിക്കുവാൻ മടിക്കുന്നില്ല. ശകുനം മുടക്കാൻ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം.
അവർക്കു സ്ഥാനാർഥി ജോസ് ടോം നല്കിയ മറുപടി കുറിക്കു കൊള്ളുന്നതാണ് ’. ഇങ്ങനെ നീളുന്നു പ്രതിഛായയിലെ പ്രതിഷേധ സ്വരങ്ങൾ. യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇന്നലെ പി.ജെ. ജോസഫിനുനേരേ സദസിന്റെ ചില ഭാഗങ്ങളിൽനിന്ന് ആക്രോശം ഉയർന്നത്.
രമേശ് ചെന്നിത്തലയോടൊപ്പം വേദിയിലെത്തിയപ്പോഴും പിന്നീട് പ്രസംഗിക്കാൻ മൈക്കിന് മുന്നിലെത്തിയപ്പോഴും പ്രവർത്തകർക്കിടയിൽ നിന്നു കൂക്കുവിളിയും ആക്രോശവാക്കുകളും ഉയർന്നു. ഇത് അവസാനിച്ചിട്ടാവാം പ്രസംഗമെന്നു പി.ജെ. ജോസഫ് പറഞ്ഞതോടെ ബഹളം വീണ്ടും തുടർന്നു. ഇതോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ജോസ് കെ. മാണിയും മറ്റ് നേതാക്കളും പ്രവർത്തകരോട് ശാന്തരാകാൻ നിർദ്ദേശിച്ചു.
ബഹളം അവസാനിച്ചതോടെ ജോസഫ് പ്രസംഗം ആരംഭിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് അങ്ങിങ്ങ് കൂക്കുവിളികൾ ഉയർന്നു. വരുംദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരള കോണ്‍ഗ്രസിലെ അപസ്വരങ്ങൾ വിജയപ്രതീക്ഷയെ ബാധിക്കുമെന്നു പറയുന്നവരുമുണ്ട്.