തുന്പിതുളളൽ
ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുന്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെണ്കുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.
ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കൈയിലേന്തിയ ഒരു പെണ്കുട്ടി നടുവിൽ മുടി അഴിച്ചിട്ടിരിക്കും. പാട്ടുകളുടെ താളത്തിനനുസൃതമായി ചുറ്റും നിൽക്കുന്ന സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുന്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മധ്യത്തിലായിരിക്കുന്ന പെണ്കുട്ടിയെ വലംവയ്ക്കുന്നു. ഗാനത്തിന്റെ വേഗം വർധിക്കുന്നതിനനുസരിച്ച് കുട്ടി തുന്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു.
കൂടാതെ ഒപ്പം തന്നെ ചുവടുകളും വച്ചാണ് ഈ വിനോദം ഗതിപ്രാപിക്കുന്നത്. പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുന്പീ തുള്ളാത്തൂ-തുന്പി തുള്ളാത്തൂ… തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകന്പടിയോടെയാണ് ഇത് അവതരിപ്പിക്കുന്നത്.
കന്പിത്തായം കളി
ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും.
ഒാരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടിയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
ഭാരക്കളി
കന്പിത്തായം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.
നായയും പുലിയും വെയ്ക്കൽ
പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.
വള്ളംകളി
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് ആറന്മുള ക്ഷേത്രത്തിനടുത്ത് ഒരു കൃഷ്ണഭക്തനുണ്ടായിരുന്നു. ദിവസേന ഒരു തീർഥാടകന് തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഒരു ദിവസം തീർഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന് പറഞ്ഞപ്പോൾ അതു സാധ്യമല്ലെന്ന് അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന് പറഞ്ഞ് അയാൾ മറഞ്ഞു. അപ്പോഴാണ് തീർഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസിലായത്.
അതിന് ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ് സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകന്പടിയായി കൊണ്ടുവരികയും ചെയ്തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്.
മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും. ആറന്മുളയിൽ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.
തലപ്പന്തു കളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപ്പന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കന്പ് നാട്ടി ആ കന്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിത്തെറിപ്പിച്ച് കളി തുടരുന്നു.
പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുന്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.
കിളിത്തട്ടുകളി
ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.
സുന്ദരിക്ക് പൊട്ടുകുത്ത്
ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ടുകുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു.
തയാറാക്കിയത്:
പ്രദീപ് ഗോപി