കോഴഞ്ചേരി: ഡോക്ടർമാരുടെ അഭാവത്തിൽ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. പ്രതിദിനം 1500 ലധികം രോഗികളാണ് ആശുപത്രിയിലെ വിവിധ ഒപികളിലായി ചികിത്സ തേടി എത്തുന്നത്. ആശുപത്രിയിൽ സേവനം അനുഷ്ഠിക്കേണ്ട നാല് ഡോക്ടർമാർ ഭരണസ്വാധീനം ഉപയോഗിച്ച് ന്ധവർക്കിംഗ് അറേഞ്ച്മെന്റ്ന്ധ എന്ന പേരിൽ തലസ്ഥാനത്തും പത്തനംതിട്ട ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്.
ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം മാത്രമാണ് 24 മണിക്കൂറും ലഭിക്കുന്നത്. മൂന്നുപേരുടെ തസ്തിക ഉണ്ടെങ്കിലും ഒരാൾ വർക്കിംഗ് അറേഞ്ച്മെന്റ് എന്നപേരിൽ തിരുവനന്തപുരം പേരൂർക്കട ആശൂപത്രിയിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാൾ തലസ്ഥാനത്തുനിന്നും വന്നുപോകുകയുമാണ്. ഡോക്ടർമാരുടെ അഭാവം ഏറെ ബാധിച്ചിരിക്കുന്നത് സ്ത്രീരോഗവിഭാഗത്തിലാണ്.
മെഡിക്കൽ വിഭാഗത്തിൽ മൂന്ന് തസ്തികയാണ് ഉള്ളത്. ഇതിൽ കണ്സൾട്ടന്റ് തസ്തികയിൽ ഒരു ഒഴിവ് നിലനിൽക്കുന്നു. മറ്റ് തസ്തികയിൽ നിയമിച്ച ഡോക്ടറാകട്ടെ വർക്കിംഗ് അറേഞ്ച്മെന്റ് എന്ന പേരിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ഉള്ളത്. ആരോഗ്യവകുപ്പിന്റെ കീഴിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്ന ജില്ലാ ആശുപത്രികളിൽ പ്രധാനപ്പെട്ടതാണ് കോഴഞ്ചേരിയിലേത്. നിലവിൽ ഒരു സർജൻ മാത്രമാണുള്ളത്.
അസ്ഥിരോഗവിഭാഗത്തിൽ ഒരു തസ്തികതന്നെ ഉന്നതങ്ങളിലെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. നേത്ര, ദന്തൽ വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം പൂർണമായി ലഭിക്കുന്നില്ല. തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ വിഭാഗത്തിലെ ഡോക്ടർമാർ എത്തുന്നത്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഇവർക്ക് ഒപിയിൽ എത്താൻ കഴിയുന്നില്ലെന്നും പറയുന്നു.
സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർക്ക് സൂപ്രണ്ടിന്റെ അധിക ചുമതല കൂടിയുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉണ്ടെങ്കിലും ഇവരുടെ സേവനവും പൂർണമായി ആശുപത്രിയിൽ ലഭിക്കുന്നില്ലെന്നു പറയുന്നു. കൃത്രിമ അവയവ നിർമാണ യൂണിറ്റിലെ സേവനം രാവിലെ ഒന്പത് മുതൽ നാലുവരെയുണ്ടെങ്കിലും ഒരുദിവസം പോലും കൃത്യമായ പ്രവർത്തനം നടത്തുന്നില്ലെന്ന പരാതി ഉയരുന്നു. കോട്ടയത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കൃത്രിമ അവയവ നിർമാണ യൂണിറ്റ് ഉണ്ടെന്നും അവിടേക്കാണ് രോഗികളെ പറഞ്ഞുവിടുന്നതെന്നും പറയപ്പെടുന്നു.
നാലിലധികം കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ കാഷ്വാലിറ്റിയിൽ ദിവസേന എത്തുന്ന രോഗികൾ മണിക്കൂറുകളോളമാണ് ക്യൂ നിൽക്കുന്നത്. നിർധനരായ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം. ഇവിടെ ജോലി ചെയ്യുന്ന ഓങ്കോളജിസ്റ്റിനെ പാലക്കാട്ടേക്ക് പ്രമോഷൻ തസ്തികയിൽ സ്ഥലംമാറ്റാൻ നീക്കമുണ്ട്.
ഇദ്ദേഹം സ്ഥലംമാറി പോകുകയാണെങ്കിൽ പകരം ഓങ്കോളജസ്റ്റിനെ നിയമിച്ചില്ലെങ്കിൽ ഒപി തന്നെ അടയ്ക്കേണ്ടിവരും. പ്രതിദിനം 100ൽ അധികം കാൻസർ രോഗികളാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്. കീമോതെറാപ്പി അൾട്രാസൗണ്ട് സ്കാനിംഗ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. 12 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ക്രമീകരണവും ഇവിടെയുണ്ട്.
ആശുപത്രിയിൽ ഓങ്കോളജിസ്റ്റിന്റെ സേവനം നിലനിർത്തണമെന്ന ആവശ്യം നവമാധ്യമങ്ങളിൽ ശക്തമാകുകയാണ്. ജില്ലാ ആശുപത്രിവളപ്പിൽ ജില്ലാ കാൻസർ സെന്റർ കൂടി പ്രവർത്തിക്കുന്നതിനാൽ ഓങ്കോളജിസ്റ്റിന്റെ സേവനം എപ്പോഴും ലഭിക്കേണ്ടതുമുണ്ട്. ഡോക്ടർമാരോടൊപ്പം പാരാമെഡിക്കൽ സ്റ്റാഫിന്റെയും നിരവധി ഒഴിവുകളാണ് ഉള്ളത്.
സൂപ്പർ സ്പെഷാലിറ്റി ക്ലിനിക്കുകളായ ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ യൂണിറ്റുകൾ വരെ ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ജില്ലാ ആശുപത്രിയിൽ ഉണ്ടെങ്കിലും അതിനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ആരോഗ്യപ്രവർത്തകരും നാട്ടുകാരും കുറ്റപ്പെടുത്തി. ഇത്തരം യൂണിറ്റുകൾ ആരംഭിച്ചില്ലെങ്കിലും ആശുപത്രിയിൽ അത്യാവശ്യം വേണ്ട ഡോക്ടർമാരെ നിയമിക്കാനുള്ള നടപടിയെങ്കിലും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.