പത്തനംതിട്ട: റേഷൻ സാധനങ്ങൾ കൃത്യമായ തൂക്കത്തിലും അളവിലും റേഷൻ കടകൾക്ക് ലഭിക്കുന്നില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഇന്നലെ പത്തനംതിട്ട കളക്ടറേറ്റിൽ കൂടിയ ജില്ലാ ഭക്ഷ്യ വിജിലൻസ് കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാലാണ് ഈ വിഷയം ഉന്നയിച്ചത്.
ഭക്ഷ്യ സുരക്ഷ നിയമപ്രകാരവും, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും റേഷൻ സാധനങ്ങൾ കടയിൽവച്ച് തൂക്കി, വ്യാപാരിയെ തൂക്കം ബോധ്യപ്പെടുത്തി ഇറക്കണമെന്നാണ് നിർദേശം. എന്നാൽ ഫലപ്രദമായി ജില്ലയിൽ ഇതു നടപ്പിലാക്കുന്നില്ലെന്നും, ഉദ്യോഗസ്ഥരും, കോൺട്രാക്ടറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പല കോൺട്രാക്ടർമാരും തൂക്കുന്ന ത്രാസ്പോലും ഇല്ലാതെയാണ് സാധനങ്ങളുമായി കടയിൽ വരുന്നത്. റേഷൻ മണ്ണെണ്ണ ലിറ്ററിന് ഒരു രൂപവരെ ബില്ലുവിലയിൽ കൂടുതലായി ഹോൾസെയിൽ വ്യാപാരികൾ ഈടാക്കുന്നുണ്ടെന്നും ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടി ഉൾപ്പെടെ സ്വീകരിക്കണമെന്നും ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു.
നിലവിൽ ലഭിച്ച ആട്ടയുടെ സ്റ്റോക്കുകൊണ്ട് എല്ലാ കാർഡ് ഉടമകൾക്കും കൊടുക്കുവാൻ തികയില്ലെന്നും കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും, ഓണത്തിന് സ്പെഷൽ പഞ്ചസാര വിതരണത്തിന് ലഭിക്കുമോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.