വടകര: എക്സൈസ് വടകര റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലും സംഘവും കോട്ടപ്പള്ളി കോട്ടപ്പാറ ചന്തുമലയിൽ നടത്തിയ റെയ്ഡിൽ കണ്ടത് തകൃതിയായ വാറ്റ്. ഓണം പ്രമാണിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് രാവും പകലുമെന്ന വ്യത്യാസമില്ലാതെയുള്ള വാറ്റാണ് നടക്കുന്നത്. വടകര, കൊയിലാണ്ടി താലൂക്കുകളിലേക്ക് ഇവിടെ നിന്ന് ചാരായം കൊണ്ടുപോവുന്നുണ്ട്.
ഇക്കാര്യം മനസിലാക്കിയ എക്സൈസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. കാടിനുള്ളിൽ സ്ഥലം ഒരുക്കി അടുപ്പുകൂട്ടി എല്ലാ സാമഗ്രികളുമായി വാറ്റുന്നതാണ് കണ്ടത്.ചാരായം വാറ്റിക്കൊണ്ടിരുന്ന അശോകൻ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നിന്ന് അഞ്ചു ലിറ്റർ ചാരായവും 20 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞില്ല. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ സുനീഷ്, രാകേഷ്ബാബു, വിജിനീഷ് ,സന്ദീപ്, ലിനീഷ് എന്നിവർ പങ്കെടുത്തു