വടക്കഞ്ചേരി: പുഴ നിറയുന്പോൾ ഒഴുകിയെത്തുന്ന മാലിന്യത്തിൽ കൂടുതലും പ്ലാസ്റ്റിക് കുപ്പികൾ. കഴിഞ്ഞദിവസം വടക്കഞ്ചേരി പാളയംപുഴ പാലംമൂടി ഒഴുകിയപ്പോൾ പാലത്തിന്റെ സംരക്ഷണഭിത്തിയുടെ മൂലകളിൽ നിറഞ്ഞത് പ്ലാസ്റ്റിക് കുപ്പികളായിരുന്നു. പുഴ കവിഞ്ഞൊഴുകി വെള്ളം പലവഴിക്ക് തിരിഞ്ഞുപോകുന്പോൾ ഒപ്പം പ്ലാസ്റ്റിക് കുപ്പികളുമുണ്ടാകും.
മഴമാറി വെള്ളം ഇറങ്ങുന്നതോടെ ഇത്തരം കുപ്പികൾ ഏതെങ്കിലും പറന്പുകളിലും കെട്ടിടങ്ങളിലുമാണ് അടിഞ്ഞുകൂടുക.ഡ്രിംഗിംഗ് വാട്ടർബോട്ടിൽ വാങ്ങി ദാഹം ശമിപ്പിക്കുന്ന സംസ്കാരം ഉടലെടുത്തതോടെ പ്ലാസ്റ്റിക് കുപ്പികൾ വ്യാപകമായി.
വെള്ളം കുടിച്ച് കഴിഞ്ഞാൽ കുപ്പികൾ വലിച്ചെറിയും. അനധിക മഴയിലാണ് പിന്നെ പുഴയോരങ്ങളിലും മറ്റും കുന്നുകൂടി കിടക്കുന്ന കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴെ ഭാഗങ്ങളിലെത്തുന്നത്.വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കെല്ലാം ഇപ്പോൾ ഭക്ഷണമേശയിൽ ഓരോരുത്തർക്കും ഓരോ ചെറിയ വാട്ടർബോട്ടിൽ വിധമാണ് വിതരണം ചെയ്യുന്നത്.
ആയിരമോ രണ്ടായിരമോപേർ പങ്കെടുക്കുന്ന വിവാഹ സൽക്കാരം കഴിഞ്ഞാൽ ഇത്രയും കുപ്പികൾ വേയ്സ്റ്റാകും.
മാലിന്യമായി മാറിയ ഇത്രയും കുപ്പികൾ പിന്നെ വലിച്ചെറിയുന്നത് ആളില്ലാത്ത ഭാഗത്തെ പുഴയിലേക്കാകും. സൽക്കാരങ്ങൾക്ക് ഇത്രയും വാട്ടർബോട്ടിലുകൾ വിതരണം ചെയ്യുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്.