കൊച്ചി: റോഡിന്റെ മോശം അവസ്ഥയും വിവിധ നിർമാണ പ്രവൃത്തികൾമൂലവും ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന വൈറ്റില-അരൂർ ബൈപാസിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാരകരൻ.
ഇന്നു രാവിലെ ചേർത്തലയിൽനിന്നും കൊച്ചിയിലെത്തിയ മന്ത്രി ബൈപാസിന്റെ വിവിധയിടങ്ങൾ സന്ദർശിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കുണ്ടന്നൂർ ഉൾപ്പെടെ സന്ദർശിച്ച അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് വൈറ്റിലയിലുമെത്തി നിർമാണപ്രവർത്തികൾ ഉൾപ്പെടെ വിലയിരുത്തി. ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു സന്ദർശനം. വൈകിട്ടുവരെ കൊച്ചിയിൽ തങ്ങുന്ന മന്ത്രി വിവിധ ഉദ്യോഗസ്ഥരുമായി ചർച്ചകളും നടത്തുമെന്നാണു സൂചന.
റോഡിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന് ചോദിച്ചറിയും. രൂക്ഷമായ ഗതാഗതക്കുരുക്കിനെത്തുടർന്നു വൈറ്റില-അരൂർ ബൈപാസ് ഇന്നലെ മണിക്കൂറുകളോളമാണു നിശ്ചലമായത്. കൂടാതെ, കൊച്ചിയിലെ വിവിധ റോഡുകൾ തകർന്നു തരിപ്പണമായ സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടതോടെയാണു മന്ത്രിയുടെ സന്ദർശനമെന്നാണു വിവരം. ഇന്നലെ രാവിലെ തിരക്കേറിയ സമയത്തു തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു.
കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ടനിര ഇടപ്പള്ളി മുതൽ കുന്പളം വരെ 14 കിലോമീറ്ററോളം നീണ്ടു. കൊടിയ യാതനയാണു യാത്രക്കാർ അനുഭവിക്കേണ്ടിവന്നത്. വൈറ്റില മുതൽ കുണ്ടന്നൂർ വരെ നാലു കിലോമീറ്റർ ദൂരത്തിൽ വാഹനഗതാഗതം ഇന്നലെ പകൽ മിക്കപ്പോഴും പൂർണമായും നിശ്ചലമായി.
മേൽപ്പാലം പണി നടക്കുന്ന കുണ്ടന്നൂർ ജംഗ്ഷനിൽ നാളുകളായി റോഡുകൾ തകർന്നുകിടക്കുകയാണ്. ഇതുമൂലം ഗതാഗതക്കുരുക്ക് ഇവിടെ ഒഴിയാബാധയായിരുന്നു. ഇതു വൻ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. റോഡുകളിലെ കുഴികൾ അടച്ച് അടിയന്തരപരിഹാരം ഉണ്ടാക്കണമെന്നു ജില്ലാ കളക്ടർ കഴിഞ്ഞ ദിവസമാണു കർശന നിർദേശം നൽകിയത്.
ശനിയാഴ്ചയ്ക്കകം റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കാം എന്നാണ് അധികൃതർ ജില്ലാ കളക്ടർക്കു ഉറപ്പു നൽകിയിരുന്നത്. ഇതു പാലിക്കാനായി രാത്രിയിൽ നടന്നിരുന്ന കോണ്ക്രീറ്റു കട്ട വിരിക്കൽ തിരക്കേറിയ പകൽ സമയത്തും നടത്തിയതാണ് അപ്രതീക്ഷിതമായ വൻ ഗതാഗതക്കുരുക്കിൽ കൊണ്ടുചെന്നെത്തിച്ചത്.
റോഡുകൾ നന്നാക്കാൻ സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പോലീസും ഇന്നലെ രംഗത്തിറങ്ങിയിരുന്നു. ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട കുണ്ടന്നൂരിലെ റോഡിലെ കുഴികൾ പോലീസിന്റെ നേതൃത്വത്തിൽ കല്ലും മണ്ണും ഉപയോഗിച്ച് നികത്തി.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നു കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കിയിട്ടുണ്ട്. നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് വാഹന ഗതാഗത നിയന്ത്രണത്തിന് ഉൾപ്പെടെ നിരത്തുകളിലുള്ളത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഴികളിൽ മെറ്റൽ നിരത്തുന്ന പ്രവർത്തികൾ ഇന്നു രാവിലെയും തുടർന്നു. പോലീസിന്റെ നേതൃത്വത്തിലാണു വാഹന ഗതാഗതം നിയന്ത്രിക്കുന്നത്.
അതിനിടെ, ബൈക്ക് യാത്രികർ പ്രദേശത്ത് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. ഇന്നു രാവിലെയും രണ്ട് ബൈക്ക് യാത്രികർ പ്രദേശത്ത് അപകടത്തിൽപ്പെട്ടു. വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിലെ മേൽപ്പാലം പണികൾക്ക് പുറമേ അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലം അടച്ചതും ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നു. ഓണാഘോഷങ്ങളോടനുബന്ധിച്ച് ദിവസങ്ങളായി വൻ തിരക്കാണ് കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും കാണാൻ കഴിയുക.