തിരുവനന്തപുരം: മിൽമയുടെ എല്ലായിനം പാലിനും ലിറ്ററിന് നാലു രൂപ കൂട്ടാൻ ധാരണയായി. മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന മിൽമയുടെയും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു ധാരണ. മിൽമ ബോർഡ് യോഗം ഈ മാസം 16-നു ചേർന്ന് പാൽവില വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. പുതുക്കിയ വില ഈ മാസം 21 മുതൽ നിലവിൽ വരും.
ഇളംനീല കവർ പാലിന്റെ വില ലിറ്ററിന് 40 രൂപയിൽനിന്ന് 44 രൂപയാകും. കടുംനീല കവർ പാൽ ലിറ്ററിന് 41 രൂപയിൽനിന്ന് 45 രൂപയാകും. പുതുക്കിയ വിലയുടെ 83.75 ശതമാനമായ മൂന്നു രൂപ 35 പൈസ കർഷകനു നൽകും. കൂട്ടുന്ന വിലയുടെ 80 ശതമാനം കർഷകനു നൽകാമെന്നാണ് യോഗത്തിൽ മിൽമ അറിയിച്ചത്. എന്നാൽ, കർഷകർക്കു കൂടുതൽ തുക നൽകണമെന്ന കാര്യത്തിൽ സർക്കാർ ഉറച്ചുനിന്നു. ഇതേത്തുടർന്ന് 83.75 ശതമാനം കർഷകന് നൽകാമെന്ന ധാരണയാവുകയായിരുന്നു.