ആലുവ: രാവിലെ മുതൽ വൈദ്യുതി മുടങ്ങിയതിൽ പ്രകോപിതരായ ബേക്കറി ജീവനക്കാർ കെഎസ്ഇബി സബ് എൻജിനീയറെ മര്‍ദിച്ചതായി പരാതി. ആലുവ നോര്‍ത്ത് സെക്ഷനിലെ സബ് എൻജിനീയര്‍ പി. ജിനു ജോണിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹം ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേക്കറി ജീവനക്കാരന് ഉളിയന്നൂര്‍ സ്വദേശി അസ്ലത്തിനെതിരേ ആലുവ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
ആലുവ ബസ് സ്റ്റാൻഡിനു മുന്നിലുള്ള ബേക്കറിക്കു സമീപമാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് വെള്ളിയാഴ്ച നോര്‍ത്ത് സെഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് നേരത്തെതന്നെ കെഎസ്ഇബി അധികൃതര്‍ പത്രങ്ങൾ വഴി അറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി ലൈനുകളിൽ തട്ടിനിൽക്കുന്ന മരച്ചില്ലകളും മറ്റും നീക്കം ചെയ്യുന്നതിനാണ് വൈദ്യുതി മുടക്കം അറിയിച്ചത്.
ഈ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാനാണ് സബ് എൻജിനീയര്‍ സ്ഥലത്തെത്തിയത്. വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ ബേക്കറി ജീവനക്കാർ തർക്കത്തിലേർപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥനെ മർദിച്ചെന്നുമാണ് പരാതി.