ഒരു രൂപയ്ക്ക് എന്തു വിലയുണ്ട് എന്നു ചോദിക്കുന്നവര്‍ക്ക് നല്ല പൂ പോലുള്ള ഇഡ്ഡലി എന്നായിരിക്കും കമലത്താള്‍ എന്ന മുത്തശ്ശിയുടെ മറുപടി.
കഴിഞ്ഞ 30 വര്‍ഷമായി കമലത്താള്‍ 1 രൂപയ്ക്കാണ് ഇഡ്ഡലി വില്‍ക്കുന്നത്. വെറും പത്ത് വര്‍ഷമായതേയുള്ളൂ കമലത്താളിന്റെ ഇഡ്ഡലിക്ക് 1 രൂപ ആക്കിയിട്ട് അതിന് മുന്‍പ് 50 പൈസ മാത്രമായിരുന്നു ഇഡ്ഡലിയുടെ വില. ഇത്ര തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വിട്ടാല്‍ എന്ത് ലാഭം കിട്ടാന്‍ എന്ന് ചോദിച്ചാല്‍ അതിനും കമലത്താളിന് മറുപടിയുണ്ട്.
കമലത്താളിന്റെ സ്വദേശമായ വാദിയമ്പാലയത്തിലെ ഭൂരിഭാഗം ആളുകളും സാധാരണക്കാരും തുച്ഛമായ ശബളത്തില്‍ ജോലി ചെയ്യുന്നവരുമാണ്. അവരെ സംബന്ധിച്ച് 15-20 രൂപയ്ക്ക് ഒരു സെറ്റ് ഇഡ്ഡലിയും സാമ്പാറും എന്നത് പറ്റുന്ന കാര്യമല്ല. ലാഭം പ്രതീക്ഷിക്കാതെ തന്റെ നാട്ടുകാര്‍ക്ക് വയറു നിറയെ ആഹാരം കൊടുക്കുക എന്നാണ് കമലാത്താളിന് തൃപ്തി. വില കൂട്ടാന്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നാണ് ഈ 80-കാരി പറയുന്നത്. സ്വന്തമായി തയ്യാറാക്കിയ മാവ് ഉപയോഗിച്ച് സ്വന്തം വീട്ടില്‍ തന്നെയാണ് കമലാത്താള്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്.
ഇഡ്ഡലിയ്ക്ക് ആവശ്യമായ 6 കിലോ അരിയും ഉഴുന്നും തലേ ദിവസം തന്നെ അരച്ച് വയ്ക്കുന്ന ഇവര്‍ അതിരാവിലെ തന്നെ തന്റെ ജോലി ആരംഭിക്കും. ഒരു ദിവസം 1000 ഇഡ്ഡലി വരെ ഉണ്ടാക്കാറുണ്ട്. ഒരു ദിവസം അരയ്ക്കുന്ന മാവ് മുഴുവന്‍ അന്ന് തന്നെ ഉണ്ടാക്കി തീര്‍ക്കും. പിറ്റേന്നത്തേയ്ക്ക് ബാക്കി വരാന്‍ പാടില്ലായെന്നും കമലത്താളിന് നിര്ബദ്ധമുള്ള കാര്യമാണ്. എന്നും ശുദ്ധമായ മാവ് കൊണ്ട് മാത്രമേ കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുകയുള്ളൂ. ഇഡ്ഡലിയ്ക്കൊപ്പം നല്ല സ്വാദിഷ്ടമായ സാമ്പാറും കമലത്താള്‍ വിളമ്പുന്നുണ്ട്. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് നല്ല ചൂടുള്ള ഇഡ്ഡലി കമലാത്താള്‍ വിളമ്പുന്നത് എന്നതും ഒരു പ്രത്യേകതയാണ്.