വിദ്യാർഥികൾക്ക് അറിവ് പകർന്ന് നൽകേണ്ട വിദ്യാലയങ്ങൾ എന്നും മികച്ചതായിരിക്കണം. സമാധാനപരവും സന്തോഷകരവുമായ വിദ്യാലയ അന്തരീക്ഷം ഓരോ കുട്ടിയുടെയും അവകാശമാണ്. എന്നാൽ മഴവെള്ളം ശരീരത്ത് വീഴാതിരിക്കുവാൻ കുടചൂടി ക്ലാസ് മുറയിൽ ഇരിക്കുന്ന ഒരുപറ്റം വിദ്യാർഥികളുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ജാർഖണ്ഡിലെ ഗോരാബന്ദാ ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിലാണ് സംഭവം. മേൽക്കൂരയിലെ ചോർച്ച കാരണം മഴവെള്ളം മുഴുവൻ കുട്ടികളുടെ ശരീരത്തിലേക്കാണ് വീഴുന്നത്.
ഈ സ്കൂളിൽ ആകെ ഏഴ് ക്ലാസ്മുറികൾ മാത്രമാണുള്ളത്. ഭൂരിഭാഗം ക്ലാസ്മുറികളിലും ഈ ദുരവസ്ഥയാണുള്ളത്. മഴവെള്ളം വീണ് വലിയ അപകടങ്ങൾ സംഭവിക്കാതിരിക്കുവാൻ സ്കൂളിലെ വൈദ്യുതബന്ധം വിച്ഛേദിച്ചുവെന്ന് അധ്യാപകർ അറിയിച്ചു. സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകർ പറയുന്നു.
സംഭവം ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. സ്കൂളിന്റെ പരിതാപകരമായ അവസ്ഥ എത്രെയും വേഗം പരിഹരിക്കണമെന്നാണ് പൊതുജനങ്ങളിൽ നിന്ന് ആവശ്യമുയരുന്നത്.