പാലാ: കുടിയേറ്റങ്ങളുടെയും പ്രയാണത്തിന്റെയും കാലമാണ്. വോട്ടർഭ്യർഥനയുമായി സ്ഥാനാർഥിയും പ്രവർത്തകരും അടുത്തെത്തുന്പോൾ ഞാൻ ബംഗാളിയും ആസാമിയുമാണെന്നു ഹിന്ദിയിലോ മലയാളത്തിലോ മറുപടി കിട്ടാവുന്ന കാലം.
മറ്റിടങ്ങളിലെപ്പോലെ പാലാ നഗരത്തിലും ചെറുനഗരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏറെയാണ്. പല തൊഴിലിടങ്ങളിലായി വന്നും പോയും നില്ക്കുന്ന പതിനയ്യായിരം ഇതര സംസ്ഥാനക്കാർ മണ്ഡലപരിധിയിലുണ്ട്. കടകളിലും കന്പോളങ്ങളിലും മലയാളി ജോലിക്കാർ നന്നേ കുറവ്.
വോട്ട് ചോദിക്കാൻ മുത്തോലി മേഖലയിലെത്തിയാൽ എൻട്രൻസ് പരിശീലകരായ വിദ്യാർഥികളുടെ നെട്ടോട്ടം. എൻട്രൻസ് കേന്ദ്രങ്ങളോടു ചേർന്ന വീടുകളിലും മുറികളിലും വോട്ട് ചോദിച്ചെത്തുന്പോൾ ഞാൻ മറ്റു ജില്ലക്കാരനാണ് പാലായിലെ വോട്ടറല്ലെന്നു മറുപടി. ഇത്തരത്തിൽ മൂവായിരത്തിലേറെ വിദ്യാർഥികളാണ് സിവിൽ സർവീസിനും എൻട്രൻസിനും ഉൾപ്പെടെ തയാറെടുക്കാൻ പാലാ, മുത്തോലി മേഖലയിൽ താമസിക്കുന്നത്.
രാവിലെയും വൈകുന്നേരവും ബസ് സ്റ്റാൻഡുകളിൽ ഇതേ സാഹചര്യമാണ്. വിവിധയിടങ്ങളിലായി വീടുകളിലും കെട്ടിടങ്ങളിലും വാടകയ്ക്കു താമസിക്കുന്നവരും കുറവല്ല. മുൻകാലങ്ങളിൽ പാലായിലേറെ വോട്ടർമാർ പരന്പരാഗത താമസക്കാരും സ്ഥാനാർഥികൾക്ക് പരിചിതരുമായിരുന്നു. വീട്ടുകാരെ സ്ഥാനാർഥികൾ പേരുചൊല്ലിവിളിക്കുന്ന സാഹചര്യം. ഇലക്ഷൻകാലത്ത് കുടുംബയോഗങ്ങളും കാലം മാറിയപ്പോൾ പുതിയ താമസക്കാരുടെ എണ്ണം ഏറി. നിലവിൽ പാലായിൽ വോട്ടർമാരുടെ എണ്ണം 1.77 ലക്ഷം വരും.
നഗരങ്ങളിലും വഴിയോരങ്ങളിലും നഗരപ്രാന്തങ്ങളിലും സ്ഥലം വാങ്ങി പുതിയ വീടുവച്ച് പാർക്കുന്നവരിൽ കൂടുതലും മറ്റിടങ്ങളിൽനിന്നു വന്ന താമസക്കാരാണ്. ഇത്തരത്തിൽ പുതിയ താമസക്കാരുടെ എണ്ണം അഞ്ചു വർഷത്തിനുള്ളിൽ മണ്ഡലത്തിൽ പതിനായിരത്തോളം വർധിച്ചു. ഓരോ തെരഞ്ഞെടുപ്പിലും പുതിയ വോട്ടർമാരുടെ എണ്ണം കൂടുകയാണ്. അതേ സമയം പാലായുടെ മണ്ണിൽനിന്നും വിദേശത്തേക്കുള്ള പുതിയ തലമുറയുടെ പ്രയാണം ഏറുകയും ചെയ്യുന്നു.
ഇനി തെരഞ്ഞെടുപ്പിനു15 ദിവസങ്ങളേ ബാക്കിയുള്ളു. വിശാലമായ മണ്ഡലത്തിലൂടെ ഒരു വട്ടം ഓട്ടപ്രദക്ഷിണത്തിനുള്ള സമയം മാത്രം. പാലാ നഗരസഭയും മീനച്ചിൽ താലൂക്കിലെ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പളളി താലൂക്കിലെ എലിക്കുളം പഞ്ചായത്തും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളിലൂടെ പര്യടനം നടത്തണം. അതായത് 250 വാർഡുകളിലൂടെ കടന്ന് കോർണർ യോഗങ്ങളിൽ സ്ഥാനാർഥി വോട്ട് അഭ്യർഥിക്കണം. ഭവനയോഗങ്ങളിലും കണ്വൻഷനുകളിലും സംബന്ധിക്കണം.
മരണവീട്ടിലും കല്യാണച്ചടങ്ങളിലും മറ്റും പങ്കെടുക്കണം. രാവിലെ ഏഴിനു തുടങ്ങുന്ന പര്യടനം വിലയിരുത്തൽ യോഗത്തോടെ ഓരോ ദിവസവും സമാപിക്കുന്പോൾ രാത്രി 12 കഴിയും. നാലോ അഞ്ചോ മണിക്കൂർ ഉറങ്ങിയും പേരിനുമാത്രം ഭക്ഷണം കഴിച്ചും പരമാവധി ഇടങ്ങളിലൂടെ ഓടിയെത്തുക ഏറെ ദുഷ്കരം.
മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ കുന്നുകളും മലകളും ഏറെയുണ്ട്. ഒരു പഞ്ചായത്തിലെ പര്യടനത്തിനു തന്നെ രണ്ടു ദിവസം വേണ്ടിവരും. മുൻപൊക്കെ രണ്ടു തവണ സ്ഥാനാർഥി മണ്ഡല പര്യടനം പൂർത്തിയാക്കിയിരുന്നു. ഓണാവധിയും പൊതു അവധിയും തുടങ്ങിയതോടെ വോട്ടർമാർ വീട്ടിലും നാട്ടിലും കാണുമെന്നതാണ് സ്ഥാനാർഥികളുടെ ആശ്വാസം.
ആരാധനാലയങ്ങളും സന്യാസസ്ഥാപനങ്ങളിലും അഗതിമന്ദിരങ്ങളിലുമൊക്കെ വോട്ടർമാർ ഏറെയുണ്ട്. ഇവിടങ്ങളിലും അഭ്യർഥനയുമായി എത്തണം. പാർട്ടി പ്രവർത്തകർക്കും വരുംദിവസങ്ങളിൽ അത്യധ്വാനം വേണ്ടിവരും. ബാനറുകളും പോസ്റ്ററുകളും രണ്ടു ദിവസത്തിനുള്ളിൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിക്കേണ്ടതുണ്ട്. ചുവരെഴുത്തു പൂർണമായിട്ടില്ല. അഭ്യർഥനകൾ നേരിട്ടെത്തിക്കണം. ഓരോ വീടുകളിലും സ്ഥാപനങ്ങളിലും വീഴ്ചയില്ലാതെ സ്ലിപ്പ് എത്തിക്കാനും ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ.